ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ജിഎച്ച്‌എംസിയിലെ 150 വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,122 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 67 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഡിസംബർ ഒന്നിന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഡിസംബർ നാലിനാണ് വോട്ടെണ്ണൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ പ്രചാരണ പരിപാടികള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഹൈദരാബാദ് സാക്ഷിയായത്. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നീ കരുത്തരാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, ജി കിഷൻ റെഡ്ഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഹൈദരാബാദിലെത്തിയിരുന്നു.
തെലങ്കാന കോൺഗ്രസും മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി. തെലങ്കാന കോണ്‍ഗ്രസിനായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉത്തം കുമാര്‍ റെഡ്ഡി നേരിട്ടിറങ്ങി. ടിആര്‍എസ്, മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ അധ്യക്ഷതയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. എഐഎംഐഎമ്മും പ്രചാരണം ശക്തമാക്കി. ഹൈദരാബാദ് ലോക്സഭാ എംപിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഒവൈസിയും നിയമസഭാംഗവും സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസിയും നിരവധി റാലികളിൽ പങ്കെടുത്തു.
ഹൈദരാബാദിന്‍റെ പേര് മാറ്റും, നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ബിജെപി മോദിയെ ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് ചോദിക്കുന്നത്. നഗരവികസനമാണ് നവംബർ 28 ന് നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാഗ്‌ദാനം ചെയ്‌തത്. ടിആര്‍എസിനെതിരെയും എഐഎംഐഎമ്മിനെതിരെയും രൂക്ഷമായ വിമര്‍ശങ്ങളാണ് ബിജെപി ഉന്നയിച്ചത്.