ഹൈദരാബാദ് : ഒരേ മനസോടെ ഒറ്റ ലക്ഷ്യത്തിനായി എഴുതിയ പരീക്ഷയില്‍ സയാമിസ് ഇരട്ടകളായ മിടുക്കികള്‍ക്ക് ഫസ്റ്റ് ക്ലാസ്. തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റര്‍മീഡിയറ്റ് എജ്യുക്കേഷന്‍ (ടി.എസ്.ബി.ഐ.ഇ) പരീക്ഷയിലാണ് വീണയ്ക്കും വാണിക്കും ഈ മിന്നും വിജയം. ഹൈദരാബാദ് സ്വദേശികളായ ഇവര്‍ക്ക് തെലങ്കാന ആദിവാസി, വനിത ശിശുക്ഷേമ മന്ത്രി സത്യവതി റാത്തോഡ് ആശംസകള്‍ നേര്‍ന്നു.
വീണയെയും വാണിയെയും പരീക്ഷയെഴുതാന്‍ സഹായിച്ച ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. രണ്ടാം വര്‍ഷ ഇന്‍റര്‍ സി.ഇ.സി ഗ്രൂപ്പിൽ വീണ 712 മാർക്കും വാണി 707 മാർക്കും നേടി. കുട്ടികളുടെ ശോഭനമായ ഭാവിക്ക് വേണ്ടി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ഒട്ടിപ്പിടിച്ച തലകളോടെ ജനനം : മഹബൂബാബാദ് ജില്ലയിലെ ദന്തലപള്ളി ബിരിഷെട്ടി ഗുദേം ഗ്രാമത്തിലെ മരഗാനി മുരളി-നാഗലക്ഷ്‌മി ദമ്പതികളുടെ മക്കളാണ് ഇരുവരും. ഒട്ടിപ്പിടിച്ച തലകളോടെയാണ് ഇവര്‍ ജനിച്ചത്. വേർപെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൈദരാബാദിലെ വെംഗൽ റാവു നഗറിലുള്ള വനിത ശിശുക്ഷേമ ഓഫിസിലാണ് ഇരട്ടക്കുട്ടികൾ താമസിക്കുന്നത്.
തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി ചൊവ്വാഴ്‌ചയാണ് ഫലം പ്രഖ്യാപിച്ചത്. 60 ശതമാനത്തില്‍ അധികമാണ് വിജയം. മെയ് മാസത്തിലാണ് ടി.എസ്.ബി.ഐ.ഇ ഒന്നും, രണ്ടും വർഷ പരീക്ഷകള്‍ നടന്നത്. ഒന്‍പത് ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ജൂബിലി ഹിൽസ് എം.എൽ.എ മാഗന്തി ഗോപിനാഥ് ശിശുക്ഷേമ വകുപ്പിന്‍റെ ഓഫിസിലെത്തി ഇരുവരേയും അഭിനന്ദിച്ചു.