ഹൈദരാബാദ്: ഗർഭിണികൾക്ക് സൗജന്യ ആശുപത്രി യാത്രയുമായി ഹൈദരാബാദ് ക്യാബ് ഡ്രൈവർ അസോസിയേഷൻ. ഹൈദരാബാദ് ആസ്ഥാനമായുള്ള ക്യാബ് ഡ്രൈവർ അസോസിയേഷൻ "തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ" (ടിജിപിഡബ്ല്യുയു) ആണ് ഗർഭിണികൾക്ക് സൗജന്യ ക്യാബ് സേവനം നൽകി വരുന്നത്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ അവസാന ആഴ്ചയിൽ 27ലധികം ഗർഭിണികളെ സുരക്ഷിതമായി ആശുപത്രികളിലേക്ക് എത്തിച്ചെന്ന് ടിജിപിഡബ്ല്യുയുവിന്‍റെ സ്ഥാപകനും സംസ്ഥാന പ്രസിഡന്‍റുമായ ഷെയ്ക്ക് സലാവുദ്ദീൻ പറഞ്ഞു.
Also Read: ബ്ലാക്ക് ഫംഗസ്; ചികിത്സക്കായി 1500 കിടക്കകൾ കൂടി അനുവദിച്ച് തെലങ്കാന സക്കാർ
ശരിയായ ആംബുലൻസ് സേവനം ഇല്ലാത്തതിനാൽ ആളുകൾ പ്രത്യേകിച്ചും ഗർഭിണികൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നു. ആംബുലൻസ് സേവനത്തിന് ആളുകളിൽ നിന്ന് ധാരാളം പണം ഈടാക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ജനങ്ങൾക്കായി ഇത്തരമൊരു സേവനം ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭിണിയായ തന്‍റെ ഭാര്യയ്ക്ക് ആംബുലൻസ് ലഭിക്കുന്നതിന് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. തുടർന്ന് ഗർഭിണികൾക്ക് സൗജന്യ സർവീസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സലാവുദ്ദീൻ പറഞ്ഞു. തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർമാർക്കും മറ്റും റേഷൻ എത്തിച്ച് നൽകുന്നതിനും ടിജിപിഡബ്ല്യുയു മുൻപന്തിയിലാണ്.