പട്‌ന: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ആറ് മാസമായി ഭര്‍ത്താവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഭാര്യയെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി പൊലീസ്. ബിഹാറിലെ സിതാമർഹി ജില്ലയിലെ ചോറൗട്ട് സ്വദേശി ശശി കുമാറാണ് ഭാര്യ ഹിര ദേവിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സ്‌ത്രീധനത്തെ ചൊല്ലി ശശികുമാറും വീട്ടുകാരും മകളെ ഏപ്പോഴും ഉപദ്രവിച്ചിരുന്നെന്നും അവസാന തങ്ങള്‍ക്ക് ലഭിച്ചത് മകളുടെ കത്തി കരിഞ്ഞ ശരീരമായിരുന്നെന്നും വീട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ശശികുമാറിനെ ജയിലിലടച്ച് ആറ് മാസം പിന്നിട്ടപ്പോഴാണ് യുവതിയുടെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു സ്‌ത്രീയില്‍ നിന്ന് ഹിര ദേവിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേപ്പാളിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കണ്ടെത്തിയത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്.