നാദിയ (പശ്ചിമ ബംഗാൾ): സഹോദരനുമായി വിവാഹേതര ബന്ധം പുലർത്തിയ ഭാര്യയുമായുള്ള 24 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഭർത്താവ്. ദാമ്പത്യജീവിതം അവസാനിപ്പിക്കുക മാത്രമല്ല, മുൻഭാര്യയും സഹോദരനുമായുള്ള വിവാഹവും നടത്തിക്കൊടുത്തു. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം.
24 വർഷങ്ങൾക്ക് മുൻപായിരുന്നു ബാഗ്‌ചി ബഗാൻ പ്രദേശത്തെ അമൂല്യ ദേബ്‌നാഥും ബബ്ല പ്രദേശത്തെ ദീപാലി ദേബ്‌നാഥുമായുള്ള വിവാഹം. ഇരുവർക്കും 22 വയസുള്ള വിവാഹിതനായ മകനുമുണ്ട്. ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നു അമൂല്യ താമസിച്ചിരുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദീപാലിയെയും സഹോദരൻ കേശബ് ദേബ്‌നാഥിനെയും ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം അമൂല്യ അറിയുന്നത്.
ഭാര്യയുടെ പെരുമാറ്റത്തിൽ മാസങ്ങളായി എനിക്ക് സംശയമുണ്ടായിരുന്നു. പ്രദേശവാസികളിൽ നിന്ന് പല കഥകളും ഞാൻ കേട്ടിരുന്നു. കഴിഞ്ഞ മാസം സംശയങ്ങൾ ഇരട്ടിച്ചു. ഒരു ദിവസം ഇരുവരെയും ഒരുമിച്ച് മുറിയിൽ കണ്ടു. ഇരുവരെയും മുറിയിലിട്ട് കതക് പുറത്തുനിന്ന് പൂട്ടിയ ശേഷം അയൽവാസികളെ വിവരമറിയിച്ചുവെന്ന് അമൂല്യ പറയുന്നു.
തുടർന്ന് ദീപാലിയുമായുള്ള 24 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാനും സഹോദരനെയും ഭാര്യയെയും ഒരുമിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. അയൽവാസികളുടെ സാന്നിധ്യത്തിലാണ് കേശബ് ദേബ്‌നാഥും ദീപാലിയുമായുള്ള വിവാഹം അമൂല്യ ദേബ്‌നാഥ് നടത്തിക്കൊടുത്തത്.