റായ്‌പൂർ (ഛത്തീസ്‌ഗഡ്) : ഭർത്താവിന്‍റെ ക്രൂരതകൾക്കെതിരെ പരാതി നൽകി 30കാരിയായ റായ്‌പൂരിലെ പുരാണി ബസ്‌തി സ്വദേശിനി. കഴിഞ്ഞ 12 വർഷമായി ഭർത്താവ് തന്നെ മർദിക്കാറുണ്ടെന്നും നപുംസകം എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
താൻ ഗർഭിണിയായിരുന്നപ്പോൾ നിര്‍ബന്ധിച്ച് ഭ്രൂണത്തിന്‍റെ ലിംഗ പരിശോധന നടത്തിച്ചു. തുടര്‍ന്ന് ഗർഭച്ഛിദ്രം ചെയ്യിച്ചു. തന്‍റെ ആഭരണങ്ങൾ പണയംവച്ച് ഭർത്താവ് ഗോവയിൽ പോയി. അവിടെവച്ച് ഒരു വിദേശ വനിതയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടു. സ്ത്രീധനത്തിന് വേണ്ടിയാണ് തന്നെ വിവാഹം കഴിച്ചതെന്നും അല്ലാത്തപക്ഷം മറ്റാരും തന്നെ കല്യാണം കഴിക്കുമായിരുന്നില്ലെന്നും ഭർത്താവ് അവഹേളിച്ചതായും യുവതി പരാതിയിൽ പറയുന്നു.
സ്ത്രീധന പീഡനം അടക്കം ഉന്നയിച്ചുള്ള പരാതിയിൽ ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തുവെന്ന് വനിത സ്റ്റേഷൻ ഇൻ-ചാർജ് കവിത ധ്രുവ് അറിയിച്ചു. യുവതിയുടെ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.