ഛണ്ഡീഗഡ്: കൊവിഡ് രൂക്ഷമായപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ അനുഭവപ്പെട്ട ഓക്സിജൻ ക്ഷാമം കടുത്ത ആശങ്കയുളവാക്കുന്നതായിരുന്നു. ഈ ഘട്ടത്തില്‍ മെഡിക്കൽ ഓക്സിജന്‍റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്നതെങ്കിൽ നാളെയത് ശുദ്ധമായ ശ്വാസവായുവാകാം. വായു മലിനീകരണം രാജ്യത്തുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.
ഇക്കാര്യം തിരിച്ചറിഞ്ഞ് തന്നാലാവുന്ന രീതിയിൽ പ്രകൃതിയെ ചേർത്തുപിടിക്കുകയാണ് അംബാല സ്വദേശിയായ 78 കാരൻ വേദ് പ്രകാശ് വിജ്. തന്‍റെ മൂന്ന് നില വീട്ടിൽ 1000ൽ അധികം ചെടികളാണ് വേദ് പ്രകാശ് പരിപാലിക്കുന്നത്. അധ്യാപകനായിരുന്ന വേദ് പ്രകാശ് 1982ൽ ആണ് ചെടികളുടെ ലോകത്ത് എത്തിയത്. തന്‍റെ ഗുരുവാണ് ഈ മാർഗത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 40 വര്‍ഷത്തെ അധ്യാപക ജീവിതം അവസാനിപ്പിച്ചപ്പോള്‍ വേദ് പ്രകാശ് മുഴുവൻ സമയവും ജൈവ വൈവിധ്യ പരിപാലനത്തിനായി നീക്കിവച്ചു.
ലണ്ടനിലെ ലിഫ്‌റ്റൺ ഗാർഡനിൽ നിന്ന് കൊണ്ട് വന്ന ഫ്രീസിയ ഉൾപ്പടെ 80ൽ അധികം പുഷ്പിക്കുന്ന ചെടികളുണ്ട് വേദ് പ്രകാശിന്‍റെ വീട്ടിൽ. പീപ്പൽ എറിക്ക വിഭാഗത്തിൽപ്പെടുന്ന കവുങ്ങ് മുതൽ ഓക്സിജൻ കൂടുതലായി പുറത്തുവിടുന്ന പത്തോളം വിഭാഗത്തിൽപ്പെടുന്ന ചെടികളും ഇദ്ദേഹം സംരക്ഷിച്ച് പോരുന്നു. നിലവിലെ സാഹചര്യത്തിൽ ചെടികൾ നടുന്നത് ഏവരും സ്വന്തം ഉത്തരവാദിത്വമായി കരുതണമെന്ന് വേദ് പ്രകാശ് വിജ് പറയുന്നു.
വേദ് പ്രകാശിന് എല്ലാവിധ പിന്തുണയുമായി ഭാര്യ സുരേന്ദ്ര വിജ്ജും കൂടെയുണ്ട്. മക്കളെ രണ്ട് പേരെയും കല്യാണം കഴിച്ച് അയച്ചശേഷം ഇരുവരും ഈ ഹരിത ലോകത്ത് മുഴുവൻ സമയവും ചിലവഴിക്കുന്നു. തുടക്ക കാലത്ത് വേദ് പ്രകാശ് ചെടികൾ നടുമ്പോൾ താൻ എതിർത്തിരുന്നെന്നും പിന്നീട് ഇഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നെന്നും സുരേന്ദ്ര പറയുന്നു. ഇന്ന് ഈ വീടും കാഴ്‌ചകളും തരുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണെന്നാണ് ഇരുവരും പറയുന്നത് .