ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കഴിഞ്ഞ 122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമാണ് കടന്നുപോയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ 35.9 ഡിഗ്രി സെല്‍ഷ്യസും മധ്യ ഇന്ത്യയില്‍ 37.78 ഡിഗ്രി താപനിലയുമാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 122 വര്‍ഷത്തിനിടെയുള്ള നാലാമത്തെ ഏറ്റവും വലിയ ചൂടാണ് (35.05 ഡിഗ്രി സെല്‍ഷ്യസ്) രാജ്യത്തുടനീളം രേഖപ്പെടുത്തിയത്.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും മെയ് മാസത്തിലും താപനില സാധാരണയേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞു. തെക്കന്‍ പെനിന്‍സുലാര്‍ ഇന്ത്യയിലെ ചില ഭാഗങ്ങളിലൊഴികെ രാജ്യത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും മെയ് മാസത്തില്‍ രാത്രി ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം, മെയ് മാസത്തിൽ രാജ്യത്തുടനീളം ലഭിക്കുന്ന ശരാശരി മഴ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും മൊഹപാത്ര വ്യക്തമാക്കി.
മഴ കുറഞ്ഞു, ചൂട് കൂടി: വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ ഇന്ത്യയിലും തെക്ക് കിഴക്കന്‍ പെനിന്‍സുലയിലും മെയ് മാസത്തില്‍ സാധാരണ മഴയേക്കാള്‍ കുറവ് മാത്രമേ ലഭിക്കുക. മഴ കുറഞ്ഞതാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താപനില ഉയരാന്‍ കാരണമായതെന്ന് മൊഹപാത്ര പറഞ്ഞു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ 89 ശതമാനം കുറവ് രേഖപ്പെടുത്തി, ഏപ്രിലില്‍ ഇത് 83 ശതമാനമായി കുറഞ്ഞു.
ഉത്തരേന്ത്യയില്‍ 6 വെസ്റ്റേണ്‍ ഡിസ്റ്റർബന്‍സുകള്‍ (മെഡിറ്ററേനിയന്‍ ഭാഗത്ത് നിന്നുള്ള ശക്തമായ കാറ്റ്) അനുഭവപ്പെട്ടെന്നും ഇവ മിക്കതും ദുര്‍ബലമായിരുന്നുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അവസാന മൂന്ന് വെസ്റ്റേണ്‍ ഡിസ്റ്റർബന്‍സുകള്‍ മൂലമാണ് ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റും രാജസ്ഥാനില്‍ പൊടിക്കാറ്റും വീശിയത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്‌ണതരംഗം കനക്കുകയാണ്.
Also read: വേനലിൽ ചുട്ടു പൊള്ളി തെലങ്കാന; വടക്കൻ പ്രദേശങ്ങളിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ്