ഷിംല : ഹിമാചൽപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. നാളെ (ഓക്‌ടോബര്‍ 5) വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന പൊലീസ് മേധാവി വിവാദ ഉത്തരവ് പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
സെപ്റ്റംബർ 29-ന് അയച്ച കത്തിലാണ് റാലി റിപ്പോർട്ട് ചെയ്യാൻ എത്തുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും പട്ടിക തയ്യാറാക്കി അവരുടെ സ്വഭാവം പരിശോധിച്ചതിന്‍റെ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരുന്നത്. വിവാദ ഉത്തരവിനെതിരെ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവുകള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹിമാചല്‍ ഡിജിപി സഞ്ജയ് കുണ്ഡു രംഗത്തെത്തി. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന റാലിയിലേക്ക് മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ച അദ്ദേഹം അവര്‍ക്ക് വേണ്ട സഹായങ്ങള്‍ പൊലീസ് ചെയ്യുമെന്നും അറിയിച്ചു. വിവാദ ഉത്തരവില്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.