ഷിംല (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 46 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് ചൊവ്വാഴ്‌ച (ഒക്‌ടോബർ 18) പ്രഖ്യാപിച്ചു. കൗൾ സിങ് താക്കൂർ, സുഖ്‌വീന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്ര, ആശാ കുമാരി, ചന്ദർ കുമാർ ഉൾപ്പെടെയുള്ളവരാണ് പട്ടികയിൽ. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ് വീണ്ടും ഷിംല റൂറലിൽ മത്സരിക്കും.
തങ്ങളുടെ പരമ്പരാഗത സീറ്റുകളിൽനിന്ന് 19 സിറ്റിങ് എംഎൽഎമാരെയാണ് പാർട്ടി ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശാ കുമാരി ഡൽഹൗസിയിൽ നിന്നും ചന്ദർ കുമാർ ജവാലിയിൽ നിന്നും കൗൾ സിങ് താക്കൂർ ദരംഗിൽ നിന്നും പ്രകാശ് ചൗധരി ബാലിൽ നിന്നും സുഖ്‌വീന്ദർ സിങ് സുഖു നദൗനിൽ നിന്നും മുകേഷ് അഗ്നിഹോത്രി ഹരോളിയിൽ നിന്നും സഞ്ജയ് അവസ്‌തി അർക്കിയിൽ നിന്നും മത്സരിക്കും. ഭട്ടിയാറ്റിൽ നിന്ന് കുൽദീപ് സിംഗ് പതാനിയ, നൂർപൂരിൽ നിന്ന് അജയ് മഹാജൻ, ജസ്വാൻ-പ്രാഗ്‌പൂരിൽ നിന്ന് സുരീന്ദർ സിംഗ് മങ്കോട്ടിയ, പാലംപൂരിൽ നിന്ന് ആശിഷ് ബുട്ടെയ്ൽ, സെരാജിൽ നിന്ന് ചേത്രം താക്കൂർ എന്നിവരും മത്സരിക്കും. കോൺഗ്രസ് ദേശീയ വക്താവ് കുൽദീപ് സിങ് റാത്തോഡ് തിയോഗിൽ നിന്ന് മത്സരിക്കും.
ഹിമാചലിൽ ഒറ്റഘട്ടമായി 2022 നവംബർ 12നാണ് വോട്ടെടുപ്പ് നടക്കുക. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 44 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 21 സീറ്റുകൾ ലഭിച്ചു. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടിയാണ് ബിജെപിയും കോൺഗ്രസും ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.