ഷിംല : തുടർഭരണം ലക്ഷ്യമിട്ട് ബിജെപി, നിലനിൽപ്പിന്‍റെ പോരാട്ടവുമായി കോണ്‍ഗ്രസ്. രാജ്യം ഉറ്റുനോക്കുന്ന പോരാട്ടത്തിനായി ഹിമാചൽ പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്. മലയോര മേഖലയിലെ 55 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജയറാം താക്കൂർ, മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ്, മുൻ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സത്തി എന്നിവരുൾപ്പെടെ 412 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിച്ചത്. ബിജെപി ചിഹ്നമായ താമരയ്‌ക്ക് നൽകുന്ന ഓരോ വോട്ടും തന്‍റെ ശക്‌തി വർധിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് വോട്ടർമാരെ നേരിട്ട് കണ്ട് അഭ്യർഥന നടത്തിയാണ് മോദി പ്രചാരണം പൂർത്തിയാക്കിയത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രചാരണ പരിപാടികളിൽ നേരിട്ടെത്തി.
തിരിച്ചുവരാൻ കോണ്‍ഗ്രസ് : പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തകർച്ച നേരിട്ട കോണ്‍ഗ്രസിന് ഹിമാചലിനെ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുക എന്നത് നിലനിൽപ്പിന്‍റെ പ്രശ്‌നം കൂടിയാണ്. പുതിയ അധ്യക്ഷൻ എത്തിയ ശേഷം കോണ്‍ഗ്രസ് നേരിടുന്ന ആദ്യ വലിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.
2021ൽ പശ്ചിമ ബംഗാൾ, കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലും 2022ൽ പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളും ഉൾപ്പടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. അതേസമയം അധികാരത്തിലെത്തിയവരെ വോട്ട് ചെയ്‌ത് പുറത്താക്കിയ ചരിത്രമാണ് ഹിമാചലിനുള്ളത്. അതിനാൽ ഇത്തവണ ബിജെപിക്ക് വീണ്ടും വിജയിക്കാൻ സാധിച്ചാൽ അത് മോദിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി മാറും.
മറ്റ് പാർട്ടികളെ അപേക്ഷിച്ച് ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളെ വീണ്ടും തെരഞ്ഞെടുക്കുന്നത് ജനങ്ങൾ ഒരു ട്രെന്‍ഡാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ഹിമാചലിൽ തുടർവിജയം നേടാനായാൽ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ബിജെപിയുടെ ആത്മവിശ്വാസം വർധിക്കും.
രാജ്യത്ത് മുഖ്യ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ആം ആദ്‌മി പാർട്ടി ഹിമാചലിൽ തണുപ്പൻ പ്രചാരണമാണ് നടത്തുന്നത്. അതിനാൽ മുൻ കാലങ്ങളിലേത് പോലെ തന്നെ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. തങ്ങൾ മികച്ച ഭൂരിപക്ഷം നേടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ബിജെപിയും കോണ്‍ഗ്രസും ശക്തമായ അവകാശവാദങ്ങളും ഉന്നയിക്കുന്നുണ്ട്.
കടൽ പോലെ വാഗ്‌ദാനങ്ങൾ : പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കുക, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം തൊഴിലവസരങ്ങൾ, 18നും 60നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1,500 രൂപ എന്നിവയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുന്നോട്ടുവച്ച പ്രധാന വാഗ്‌ദാനങ്ങൾ. സംസ്ഥാനത്ത് ഏറ്റവുമധികമുള്ള സ്‌ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾക്കാണ് ബിജെപി മുൻഗണന നൽകിയത്.
മുഖ്യമന്ത്രി ജയറാം താക്കൂർ മാണ്ഡിയിലെ സെരാജിൽ മത്സരിക്കുമ്പോൾ മുൻ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സത്തി ഉനയിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. നഗരവികസന മന്ത്രി സുരേഷ് ഭരദ്വാജ് കസുംപ്‌തിയിലും കോൺഗ്രസ് സിഎൽപി നേതാവ് മുകേഷ് അഗ്നിഹോത്രി ഹരോളിയിലും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ് ഷിംല റൂറലിലും മുൻ എച്ച്പിസിസി മേധാവി സുഖ്‌വീന്ദർ സിങ് സുഖു നദൗണിലും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി മേധാവി ധനി റാം ഷാൻഡിൽ സോളനിലും മത്സരിക്കുന്നു.
ശനിയാഴ്‌ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആകെ 7,884 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 397 ബൂത്തുകൾ സംഘർഷ സാധ്യതയുള്ളവയാണ്. ലാഹൗൾ സ്‌പിറ്റി ജില്ലയിലെ സ്‌പിറ്റി ഏരിയയിലെ കാസയിലെ താഷിഗാങ്ങിലെ 52 വോട്ടർമാർക്കായി സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരത്തിൽ ഒരു പോളിങ് ബൂത്തും തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്.