നഹാൻ (ഹിമാചൽ പ്രദേശ്): കാറില്‍ കടത്തുകയായിരുന്ന 1.6 കോടി രൂപയുടെ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമായി യുവാവ് പൊലീസ് പിടിയില്‍. ഹിമാചല്‍ പ്രദേശ്-ഹരിയാന അതിര്‍ത്തിയില്‍ ബെഹ്‌റാൾ ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ ഇന്നലെ (നവംബര്‍ 3)ആണ് യുവാവ് പിടിയിലായത്. മതിയായ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 3.27 കിലോഗ്രാം വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു.
ഇയാളെ അറസ്റ്റ് ചെയ്‌ത് 9,35,000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത ആഭരണങ്ങള്‍ നികുതി, എക്‌സൈസ് വകുപ്പിന് കൈമാറിയതായും പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും പോണ്ട സാഹേബ് ഡിഎസ്‌പി രമാകാന്ത് അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പോണ്ട സാഹിബിലെ ഗോവിന്ദ്ഘട്ട്, ബെഹ്‌റാൾ ചെക്ക് പോസ്റ്റുകളിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ കര്‍ശനമായ നിരീക്ഷണമാണ് പൊലീസും പാരാ മിലിട്ടറി ഉദ്യോഗസ്ഥരും ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി പാതകള്‍ മിക്കവയും അടച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹിമാചലിലേക്ക് മദ്യമോ പണമോ മയക്കുമരുന്നോ കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.