ന്യൂഡൽഹി : ഡീസൽ, പെട്രോൾ, വളം എന്നിവയുടെ അപ്രതീക്ഷിത വിലവർധനയിലൂടെ കേന്ദ്രസർക്കാർ തങ്ങളുടെ കാർഷിക വിരുദ്ധ മനോഭാവം തുറന്നുകാട്ടിയെന്ന് സംയുക്ത കിസാൻ മോർച്ച. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ധന വില അനുദിനം വർധിച്ച് വരികയാണ്. 10 രൂപയിലധികം ഇതിനകം വർധിപ്പിച്ചിട്ടുണ്ടെന്നും കിസാൻ മോർച്ച പറഞ്ഞു.
2022-ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതായിരുന്നു കേന്ദ്രത്തിന്‍റെ പ്രസ്‌താവന. എന്നാൽ വരുമാനം വർധിപ്പിക്കുന്നതിന് പകരം നാല് സംസ്ഥാനങ്ങളിൽ വരുമാനം 30 ശതമാനം കുറഞ്ഞുവെന്നാണ് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി തുറന്നുകാട്ടിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർഷകർക്കായി അനുവദിച്ച ബജറ്റ് വിനിയോഗിക്കുന്നതിൽ കാർഷിക മന്ത്രാലയം പരാജയപ്പെട്ടുവെന്നും 67,929 കോടി രൂപ കേന്ദ്രത്തിന് തിരികെ നൽകിയെന്നും സമിതി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'കിസാൻ മന്ധൻ യോജന' എന്ന പേരിൽ കർഷകർക്ക് പെൻഷൻ നൽകുന്ന പദ്ധതി പൂർണമായും പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്.
ഈ തെളിവുകളെല്ലാം പരിശോധിക്കുമ്പോൾ മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ മനോഭാവം വീണ്ടും കൂടുതൽ വ്യക്തമാവുകയാണ്. തങ്ങൾക്കെതിരായ ഗൂഢാലോചന കർഷകർ വെച്ചുപൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച സർക്കാരിന് മുന്നറിയിപ്പ് നൽകി. കൂടാതെ ഡിഎപി, എൻപികെഎസ് വളങ്ങളുടെ വിലവർധനയിൽ കർഷക സംഘടന ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷം മെയ് 18 ന് ഇഫ്‌കോ 50 കിലോഗ്രാം ഡിഎപി വളം ചാക്കിന്‍റെ വില 55.3 ശതമാനം വർധിപ്പിച്ചിരുന്നു. അടുത്തിടെ രാസവളത്തിന്‍റെ വില വീണ്ടും ഉയർത്തി. സബ്‌സിഡിക്ക് ശേഷവും ചാക്കിന് 1,200 രൂപയ്ക്ക് ലഭിക്കുന്ന ഡിഎപിയുടെ വില 150 രൂപ വർധിപ്പിച്ചുവെന്നും കിസാൻ മോർച്ച ആരോപിച്ചു.