ബെംഗളുരു: രാജ്യത്ത് ഇന്ധന, പാചകവാതക വില വർധന ഉണ്ടാകാൻ കാരണം താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയതിനാലെന്ന് ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ്. മുനിസിപ്പൽ തെരഞ്ഞെടുപ്പ് ദിനത്തിലാണ് എംഎൽഎയുടെ വിചിത്ര വാദം.
താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന, പാചകവാതക വില കുതിച്ചുയർന്നു. വിതരണം പ്രശ്നം നേരിടുന്നതിനാലാണിത്. വോട്ടർമാർക്ക് ഇത് മനസിലാകുമെന്നും വോട്ട് വിഹിതത്തെ ഇന്ധന വില വർധന ബാധിക്കില്ലെന്നും ബെല്ലാഡ് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്യുന്നതെന്നും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി 55 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നും ബെല്ലാഡ് പറഞ്ഞു.
Also Read: പഞ്ച്ഷീറിൽ 600 ഓളം താലിബാൻ ഭീകരരെ വധിച്ചതായി പ്രതിരോധ സേന
ഓഗസ്റ്റ് 15ന് മധ്യപ്രദേശ് ബിജെപി നേതാവ് രമ്രതൻ പായൽ മാധ്യമപ്രവർത്തകനോട് അഫ്‌ഗാനിൽ 50 രൂപക്ക് ഇന്ധനം ലഭ്യമായതിനാൽ അവിടേക്ക് പോകാൻ പറഞ്ഞിരുന്നു. ജൂലൈയിൽ രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു.