ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അന്തിമ പരിഗണനയിലുള്ളത് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു, മുകേഷ് അഗ്‌നിഹോത്രി, രജീന്ദര്‍ റാണ എന്നിവര്‍. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്‍റെ ഭാര്യ പ്രതിഭ സിങ്ങിനെ പരിഗണിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം അവരുടെ മകന് മന്ത്രിസ്ഥാനം നല്‍കിയുള്ള സമവായവും നടന്നേേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ട് അവരുടെ അനുയായികള്‍ ഷിംലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ക്കിടയില്‍ നിന്ന് മാത്രമാണ് കക്ഷി നേതാവിനെ തെരഞ്ഞെടുക്കുകയെന്നും പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയാല്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമെന്നും ഹൈക്കമാന്‍ഡ് നിരീക്ഷിച്ചതായി വിവരമുണ്ട്. അതേസമയം തനിക്ക് 25 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന പ്രതിഭ സിങ്ങിന്‍റെ അവകാശ വാദം ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ തള്ളി.
സുഖ്‌വീന്ദര്‍ സിങ് സുഖുവിനെയാണ് കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നത്. അതേസമയം പ്രതിഭ സിങ്ങിനെ അനുനയിപ്പിക്കാനായി മകന്‍ വിക്രമാദിത്യ സിങ്ങിന് മന്ത്രിസഭയില്‍ ഉന്നതസ്ഥാനം തന്നെ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച വന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് വിഷയം ഹൈക്കമാന്‍ഡിന് വിട്ടത്.
സംസ്ഥാനത്തെ എഐസിസി ചുമതലയുള്ള നേതാവ് രാജീവ് ശുക്ലയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. അതേസമയം പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്ന് ശുക്ല അവകാശപ്പെട്ടു.