ഭോപ്പാൽ: ശാസ്‌ത്രപുരോഗതിയിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്നും രാജ്യത്ത് നിരവധി ആളുകൾ പാരമ്പര്യങ്ങൾ മുറുകെപിടിക്കുന്നതിനായി സ്വന്തം ജീവൻ വരെ പണയം വയ്ക്കാറുണ്ട്. ഉജ്ജയിനിലെ ഭിദാവദ് ഗ്രാമത്തിലും ഇത്തരത്തിൽ പ്രാകൃതമായ ആചാരങ്ങൾ ഇന്നും നടന്നുവരാറുണ്ട്.
ശരീരത്തിലൂടെ പശുക്കളെ ഓടിക്കും
നിലത്ത് കിടക്കുന്ന ആളുകളുടെ ശരീരത്തില്‍ പശുക്കളെ ഓടിക്കുക എന്നത് ഭിദാവദ് ഗ്രാമത്തിലെ ആചാരമാണ്. ആളുകൾക്ക് പരിക്കുകൾ പറ്റുമെങ്കിലും ഇതുവഴി അവരുടെ ആഗ്രഹങ്ങൾ നിറവേറുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
ഗ്രാമത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണ് ഇത്. ആചാരമനുസരിച്ച് ഗ്രാമത്തിലെ ഏഴ് പേർ ദീപാവലിക്ക് അഞ്ച് ദിവസം മുൻപ് മാതാ ഭവാനി ക്ഷേത്രത്തിൽ തങ്ങണം. ഈ ദിവസങ്ങളിൽ ഏഴ് പേരും ഉപവസിക്കണം.
ദീപാവലിയുടെ രണ്ടാം ദിവസം ഏഴ് പേരെയും ക്ഷേത്രത്തിലെ പ്രാർഥനക്ക് ശേഷം ഘോഷയാത്രയുടെ അകമ്പടിയോടെ ഗ്രാമവാസികൾ ഗ്രാമത്തിലേക്ക് കൊണ്ടുവരും. തുടർന്ന് നിലത്ത് കിടത്തുന്ന ഏഴ് പേരുടെയും മുകളിൽ കൂടി ഗ്രാമത്തിലെ പശുക്കളെ കൂട്ടമായി ഓടിക്കും.
'എല്ലാം അനുഗ്രഹത്തിന്‍റെ ഭാഗമെന്ന്'
ആഗ്രഹ സാഫല്യത്തിനായി വർഷംതോറും നിരവധി പേരാണ് ഈ ആചാരം അനുഷ്‌ഠിക്കുന്നതെന്നും നൂറ്റാണ്ടുകളായി ഇത് അനുഷ്‌ഠിക്കാറുണ്ടെങ്കിലും ഇതുവരെയും അപകടങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും ഗ്രാമവാസികൾ പറയുന്നു. പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മാതാ ഭവാനി ദേവിയുടെ അനുഗ്രഹത്താൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും മറ്റ് ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഗ്രാമത്തിലേക്ക് ഈ പ്രാകൃത ആചാരം കാണാൻ എത്താറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.
ആചാരവുമായി ബന്ധപ്പെട്ട് ശാസ്‌ത്രീയ കാരണങ്ങളോ ഫലങ്ങളോ ഇല്ലെന്നും വിശ്വാസത്തിന്‍റെ ഭാഗമായി മാത്രം ആളുകൾ ഇപ്പോഴും ഇത്തരം ആചാരങ്ങൾ പിന്തുടരുകയാണെന്നും മൃഗ സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ അജയ് ദുബെ പറയുന്നു.
Also Read: ഇന്ധനനികുതി കുറച്ച് പഞ്ചാബ്; സംസ്ഥാനത്ത് 70 വർഷത്തിനിടെ ആദ്യം