അമരാവതി : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്‍റെ ഗതി അടുത്ത 12 മണിക്കൂറിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ശക്തി ദുർബലമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
ആന്ധ്ര-ഒഡിഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെ 2.30ഓടുകൂടി വടക്കൻ ആന്ധ്രയിൽ ശക്തി പ്രാപിക്കുകയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്‌തു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടുതൽ ദുർബലമാകും.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്‌തു. ശ്രീകാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Also Read: മിന്നും പ്രകടനവുമായി സഞ്ജു, നിർണായക മത്സരത്തിൽ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ
നിരവധി റോഡുകൾ വെള്ളത്തിനടിയിലാകുകയും പലയിടങ്ങളിലും മരങ്ങളും വൈദ്യുതി തൂണുകളും നിലംപൊത്തുകയും ചെയ്‌തു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
ആന്ധ്രാപ്രദേശിന്‍റെ വടക്കുഭാഗത്ത് മണിക്കൂറിൽ 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. വിജയനഗരം ജില്ലയിൽ കനാലുകളും തടാകങ്ങളും കരകവിഞ്ഞൊഴുകി.പലയിടങ്ങളിലും പോസ്റ്റുകളും മരങ്ങളും കടപുഴകി വീണ് വൈദ്യുതി തടസപ്പെട്ടു.
ഗന്നവരം വിമാനത്താവളം വെള്ളത്തിനടിയിലായതിനാൽ വിമാനങ്ങൾ നിലത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്.