ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ജൂലൈ 25, 26 തീയതികളില്‍ മഴ ശക്തിപ്പെടുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും മഴക്കെടുതികള്‍ രൂക്ഷമാണ്. സംസ്ഥാനത്തെ പല നഗരങ്ങളും വെള്ളത്തിനടിയിലായി. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. സമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണ്‍സൂണ്‍ മാറിയതായും വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നുമുള്ള മുന്നറിയിപ്പിലുണ്ട്.
കൂടുതല്‍ വായനക്ക്:- ഉത്തരേന്ത്യയില്‍ കനത്തമഴ; താഴ്ന്ന് പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
അടുത്ത മൂന്ന് ദിവസത്തിനകം കാലാവസ്ഥ സാധാരണ നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മാറുന്നതോടെ കാലവര്‍ഷത്തിന് ശമനമുണ്ടാകും. മഴ ശക്തമായാല്‍ ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഉയരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമാകണമെന്നുമാണ് നിര്‍ദ്ദേശം. അതിനിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. കേരളത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.