കൊല്‍ക്കത്ത: ആൻഡമാൻ കടലില്‍ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകുകയും ഒക്‌ടോബര്‍ 25ന് പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തോടടുക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്. തീവ്രത ഏറിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാല്‍ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ചെയ്യുമെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമ ബംഗാള്‍ ഗംഗാതീരത്ത് നേരിയ മഴയ്‌ക്കും ദക്ഷിണ 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, പുർബ എന്നീ തീരദേശ ജില്ലകളിൽ ഒറ്റപ്പെട്ട കത്ത മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കൊൽക്കത്തയിലെ റീജിയണൽ മെറ്റ് സെന്‍റർ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ സഞ്ജിബ് ബന്ദോപാധ്യായ പറഞ്ഞു. പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദത്തിന് സിത്‌റംഗ് എന്നാണ് പേര്.
ഒക്‌ടോബര്‍ 24, 25 തീയതികളില്‍ കൊല്‍ക്കത്തയില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മഴ കണക്കിലെടുത്ത് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലയിലെ അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് സംസ്ഥാന തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് എത്തുക എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ഒഡീഷയുടെ പ്രത്യേക ദുരിതാശ്വാസ കമ്മിഷണർ (എസ്ആർസി) പികെ ജെന നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ നേവി, കോസ്‌റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍ എന്നിവര്‍ക്ക് കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ തീരത്തുകൂടെ ചുഴലിക്കാറ്റ് സമാന്തരമായി കടന്നുപോകുന്നതിനാല്‍ ഒഡീഷ തീരത്ത് 50മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ഒഡീഷ തീരത്ത് കൂടെ സഞ്ചരിക്കുന്ന കാറ്റ് ഒക്‌ടോബര്‍ 25ന് പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്ത് എത്തിച്ചേരും. ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍ അസം, മേഘാലയ, നാഗാലാന്‍ഡ്, മിസോറം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.