ന്യൂഡൽഹി : ചില സംസ്ഥാനങ്ങളില്‍ തുടർന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യമാകെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പല രാജ്യങ്ങളും കൊവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ച് തുടങ്ങിയെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
13 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലും 10 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വി.കെ പോളിന്‍റെ മുന്നറിയിപ്പ്.
കേരളം തന്നെ മുന്നിൽ
രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഭൂരിഭാഗവും കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളം (30 ശതമാനം), മഹാരാഷ്‌ട്ര (20.8 ശതമാനം), തമിഴ്‌നാട് (8.5 ശതമാനം), ആന്ധ്രാപ്രദേശ് (7.3 ശതമാനം), ഒഡിഷ (6.5 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ ആശങ്കയാണ് പങ്കുവച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് കുറയുന്നു ; എങ്കിലും വേണം അതീവ ജാഗ്രത
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. എന്നിരുന്നാലും കൊവിഡ് വ്യാപനം തുടരുന്ന ഇടങ്ങളിൽ മാത്രം ഒതുങ്ങാതെ രാജ്യമൊട്ടുക്കും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
എങ്കിലേ രാജ്യത്തെ കൊവിഡ് വ്യാപനം കുറച്ചുകൊണ്ടുവരുന്നത് തുടരാൻ സാധിക്കുകയുള്ളൂ. മാർക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വലിയ തോതിൽ ആളുകൾ എത്തുന്നത് ഈ ലക്ഷ്യം നിറവേറ്റാൻ വിലങ്ങുതടിയാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
69 ദിവസത്തിനിടെ രാജ്യത്തെ 458 ജില്ലകളിൽ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായതായി അഗർവാൾ അറിയിച്ചു. ചൊവ്വാഴ്‌ചത്തെ കണക്കനുസരിച്ച് രാജ്യത്തിന്‍റെ രോഗമുക്തി നിരക്ക് 97.3 ആയിട്ടുണ്ട്.
എൻജിഒകളും സ്വകാര്യ സംഘടനകളും നടത്തിയ പഠനങ്ങൾ അനുസരിച്ച് രാജ്യത്തെ ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: KERALA COVID CASES: കേരളത്തിൽ 14,539 പേർക്ക് കൂടി കൊവിഡ്