സംഗറെഡ്ഡി: വേറിട്ട പ്രതിഷേധത്തിലൂടെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസിലാക്കി നൽകുകയാണ് തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ഹെഡ്‌മാസ്റ്റർ. വിദ്യാർഥികൾ സ്‌കൂളിൽ വരാത്തതിനാൽ അവരുടെ വീടിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചിരിക്കുകയാണ് മുടി മാണിക്യം ഗ്രാമത്തിലെ ജില്ല പരിഷത്ത് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായ ശ്രീധർ റാവു. ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ 175 വിദ്യാർഥികളാണ് സ്‌കൂളിലുള്ളത്.
സ്‌കൂൾ തുറന്നതിന് ശേഷം ഈ വിഭാഗത്തിലെ എട്ട് വിദ്യാർഥികൾ ക്ലാസിൽ വരാത്തത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം വിദ്യാർഥികളുടെ വീട്ടിലേക്ക് നേരിട്ടെത്തി. താൻ ആവശ്യപ്പെട്ടിട്ടും വിദ്യാർഥികളെ സ്‌കൂളിലേക്കയക്കാൻ മാതാപിതാക്കൾ തയാറാകാതിരുന്നതോടെ വീടുകൾക്ക് മുന്നിൽ കിടന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർഥികളെ സ്‌കൂളിലേക്കയക്കാൻ സമ്മതിക്കുന്നതുവരെ താൻ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
ശ്രീധർ റാവുവിന്‍റെ ആത്മാർത്ഥത മാതാപിതാക്കളെ ഏറെ സ്വാധീനിച്ചു. ജീവിതത്തിൽ വിജയം കൈവരിക്കാൻ കുട്ടികൾക്ക് വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമാണെന്ന് മനസിലാക്കി നൽകിയ ഹെഡ്‌മാസ്റ്റർക്ക് മുമ്പിൽ രക്ഷിതാക്കൾക്ക് വഴങ്ങേണ്ടി വന്നു. കുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചയക്കാമെന്ന് സമ്മതിച്ചതിന് ശേഷമാണ് ശ്രീധർ റാവു തന്‍റെ സമരം അവസാനിപ്പിക്കാൻ തയാറായത്.