ന്യൂഡൽഹി: ഹൈബ്രിഡ് ഹിയറിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കീഴ്‌കോടതികളിൽ ഉണ്ടോയെന്ന് ഡൽഹി ഹൈക്കോടതി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ശാരീരികമായും പ്രായാധിക്യത്തെ തുടർന്നും കോടതിയിൽ ഹാജരാകാൻ കഴിയാത്ത മുതിർന്ന അഭിഭാഷകരുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പ്രതിഭാ സിംഗ് കീഴ്‌കോടതികളോട് വിശദീകരണം തേടിയത്. അഭിഭാഷകരുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട് .
അഭിഭാഷകർക്ക് ജനുവരി 14 മുതൽ കോടതികളിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശം കോടതി മുന്നോട്ട് വച്ചിരുന്നു. അതേസമയം വിർച്വൽ ഹിയറിങ്ങുള്ള ദിവസങ്ങളിൽ പോലും കീഴ്‌ക്കോടതികളിൽ ചില അഭിഭാഷകർ അടിസ്ഥാന സൗകര്യങ്ങളുടെ പരമിതികൾ കാരണം വീഡിയോ കോൺഫറൻസ് വഴി ഹാജരായിരുന്നില്ല. ഹർജിയിൽ വാദം കേൾക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 26 ലേക്ക് മാറ്റി.