ഛണ്ഡിഗഡ്: ഇത് അനുകമ്പയുടെയും, മാനുഷിക മൂല്യങ്ങളുടെയും, സാർവത്രിക സാഹോദര്യ ബന്ധത്തിന്‍റെയും കഥയാണ്... യുദ്ധ തീവ്രതയിൽ ലോകം പകച്ചുനിൽക്കുന്ന ഈ സമയത്തും നമ്മെ ഒന്നിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്ന കഥ. നാട്ടിലേക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചിട്ടും യുദ്ധഭൂമിയായ യുക്രൈൻ വിടാൻ വിസമ്മതിക്കുന്ന ഹരിയാന സ്വദേശി നേഹ എന്ന പതിനേഴുകാരിയാണ് ഇപ്പോൾ രാജ്യശ്രദ്ധ നേടിയിരിക്കുന്നത്.
റഷ്യയുമായുള്ള യുദ്ധത്തിൽ തന്‍റെ രാജ്യത്തെ സേവിക്കുന്നതിനായി സൈനികനായ വീട്ടുടമ പോയതോടെ അദ്ദേഹത്തിന്‍റെ ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് നേഹ. താൻ ജീവിച്ചാലും ഇല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ ഈ കുടുംബത്തെ ഉപേക്ഷിച്ച് തനിക്ക് രക്ഷപ്പെടേണ്ട എന്നാണ് നേഹ തന്‍റെ അമ്മായി സവിത ജാഖറിനെ അറിയിച്ചത്. നിലവിൽ വീട്ടുടമയുടെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഒരു ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണ് നേഹ.
മെഡിസിൻ പഠിക്കുന്നതിനായി യുക്രൈനിലേക്കെത്തിയതാണ് ഹരിയാനയിലെ ചാർഖി ദാദ്രി സ്വദേശിയായ നേഹ. യുക്രൈനിൽ പേയിങ് ഗസ്റ്റായാണ് താമസിക്കുന്നത്. അമ്മ അധ്യാപികയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ആർമിയിലായിരുന്ന അച്ഛനെ നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ALSO READ: അതിർത്തി കടത്താതെ അയൽരാജ്യങ്ങൾ, പിന്നാലെ ഇന്ത്യയുടെ ഇടപെടൽ; സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് സർക്കാർ
പുറത്ത് സ്‌ഫോടന ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് അടുത്തിടെ നേഹ ഒരു കുടുംബ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. വീട്ടുടമയുടെ മക്കളുമായി വളരെ അടുപ്പത്തിലാണ് നേഹ. യുദ്ധം അടുത്തപ്പോൾ തന്നെ രാജ്യം വിടാൻ വീട്ടുകാർ ഉപദേശിച്ചിരുന്നു. കൂടാതെ നേഹയുടെ അമ്മയും മകളെ നാട്ടിലെത്തിക്കാൻ തീവ്രശ്രമം നടത്തി.
തുടർന്ന് റൊമാനിയയിലേക്ക് കടക്കാൻ നേഹയ്‌ക്ക് അവസരവും ലഭിച്ചു. എന്നാൽ ഈ നിർണായക ഘട്ടത്തിലും അവൾക്കൊപ്പം താമസിച്ചിരുന്ന കുടുംബത്തെ ഉപേക്ഷിക്കാൻ നേഹ വിസമ്മതിക്കുകയായിരുന്നുവെന്ന് സവിത ജാഖർ പറയുന്നു. അതേസമയം പതിനേഴുകാരിയുടെ ധീരതയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
നേഹയുടെ തീരുമാനത്തെ അഭിനന്ദിച്ച മുൻ മന്ത്രി സത്‌പാൽ സാങ്‌വാൻ, മനുഷ്യത്വത്തിന്‍റെ മഹത്തായ മാതൃകയെന്ന് പ്രശംസിച്ചു. ബിജെപി കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ ഷിയോറനും നേഹയ്ക്ക് അഭിനന്ദനമറിയിച്ചു. നേഹയുടെ തിരിച്ചുവരവിനായി ഹരിയാന സർക്കാരും കേന്ദ്രസർക്കാരും നിരന്തരമായി പ്രവർത്തിക്കുന്നുവെന്നും അറിയിച്ചു.