വാരണാസി (യുപി): ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കമ്മിഷന്‍. മെയ് 14ന് ആരംഭിച്ച സര്‍വേ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. 17ന് സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്നും അതിനാല്‍ കോടതിയിൽ ചൊവ്വാഴ്‌ച റിപ്പോർട്ട് സമര്‍പ്പിക്കില്ലെന്നും അസിസ്റ്റന്‍റ് അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സര്‍വേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു.
കണ്ടെത്തിയത് ശിവലിംഗമല്ലെന്ന് മസ്‌ജിദ് കമ്മറ്റി: ഇതിന് പിന്നാലെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം സീല്‍ ചെയ്യാന്‍ വാരണാസി കോടതി ഉത്തരവിട്ടു. പ്രദേശത്തേക്ക് ആരേയും കടത്തിവിടരുതെന്നും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹര്‍ജിക്കാരുടെ അവകാശവാദം തള്ളി മസ്‌ജിദ് കമ്മറ്റിയും രംഗത്തെത്തി.
കണ്ടെത്തിയത് ശിവലിംഗമല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ (വുദു ടാങ്ക്) വാട്ടര്‍ ഫൗണ്ടന്‍ ആണെന്നുമായിരുന്നു മസ്‌ജിദ് കമ്മറ്റിയുടെ വാദം. കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലുള്ള വിഗ്രങ്ങള്‍ ആരാധിക്കാന്‍ അനുമതി തേടി അഞ്ച് സ്‌ത്രീകളാണ് വാരണാസി സിവില്‍ കോടതിയിൽ ഹർജി നൽകിയത്. വാരണാസി സിവില്‍ കോടതിയാണ് പള്ളിയില്‍ വീഡിയോ സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.
എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേട്ടില്ലെന്ന് അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മറ്റി ജോയിന്‍റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിൻ അവകാശ വാദം ഉന്നയിച്ചിരുന്നു. സർവേ നടത്താന്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണറായി നിയമിച്ച അജയ് കുമാർ മിശ്രയെ മാറ്റണമെന്ന മസ്‌ജിദ് കമ്മറ്റിയുടെ ഹര്‍ജി വാരണാസി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് രണ്ട് കമ്മിഷണര്‍മാരെ അധികമായി നിയോഗിക്കുകയും ചെയ്‌തു.
Also read: ഗ്യാൻവാപി മസ്‌ജിദ് ജലസംഭരണി സീൽ ചെയ്‌ത നടപടിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ്