ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.
മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീൻ ചിറ്റ് നല്‍കിയ സ്‌പെഷ്യൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും സമാന ഉത്തരവ് നല്‍കിയിരുന്നു. ഇത് ശരിവച്ച കോടതി ജാഫ്രിയുടെ ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചു.
2002 ഫെബ്രുവരി 2ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തില്‍ ഇഹ്‌സാൻ ജാഫ്രിയുള്‍പ്പെടെ 68 പേരാണ് കൊല്ലപ്പെട്ടത്. ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന്‍റെ കോച്ച് കത്തിച്ച് 59 പേർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് കലാപമുണ്ടായത്. കലാപത്തില്‍ 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും 2,500ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ഏതാണ്ട് 2000നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്ക്. കൊള്ളയും, ബലാത്സംഗങ്ങളും കലാപാത്തിനിടെ നടന്നതായും ആരോപണം ഉയർന്നിരുന്നു.