അഹമ്മദാബാദ്: ഗുജറാത്തിൽ ബൊട്ടാദ് ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുന്നതായി ഗുജറാത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കള്ളവാറ്റ് നടത്തുന്ന വനിതയടക്കമുള്ള സംഘത്തിലെ 14 പേർ സംഭവത്തിൽ അറസ്റ്റിലായി. ഇവര്‍ മീഥൈല്‍ ആല്‍ക്കഹോളോ, എഥനോളോ കലര്‍ത്തിയ മദ്യം വിതരണം ചെയ്തിരിക്കാമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. ഇക്കാര്യങ്ങള്‍ സ്ഥരീകരിക്കാനുള്ള പരിശോധനകള്‍ നടക്കുകയാണ്.
മീഥൈൽ ആല്‍ക്കഹോളിൽ വെള്ളം ചേർത്ത് കുപ്പിക്ക് 20 രൂപ വച്ചാണ് ഇവർ നൽകിയതെന്നാണ് പൊലീസിന്‍റ എഫ്.ഐ.ആറില്‍ പറയുന്നത്. രക്തപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഡിജിപി അനീഷ് ഭാട്ടിയ പറഞ്ഞു. അഹമ്മദാബാദിൽ ഗോഡൗണിൽ മാനേജരായി ജോലി ചെയ്യുന്ന ജയേഷാണ് 600 ലിറ്റർ മീഥൈൽ ആൽക്കഹോൾ മോഷ്ടിച്ച് 40,000 രൂപക്ക് ബന്ധുവായ സഞ്ജയിന് നൽകിയത്. ഇയാളാണ് ഇത് കള്ളവാറ്റുകാർക്ക് കൈമാറി. കള്ളവാറ്റുകാർ ഇതിൽ വെള്ളം ചേർത്ത് റോജിദ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വിറ്റു.
ബാക്കി വന്ന 460 ലിറ്റർ ആല്‍ക്കഹോൾ പിടിച്ചെടുത്തതായി ഡിജിപി അറിയിച്ചിരുന്നു. മരിച്ചവരില്‍ 31 പേര്‍ ബൊട്ടാദിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഒമ്പത് പേര്‍ അഹമ്മദാബാദ് ജില്ലയിലെ ധന്ധുക താലൂക്കില്‍ നിന്നുള്ളവരുമാണെന്ന് ബൊട്ടാദ് പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി പേര്‍ ഭാവ്നഗര്‍, ബൊട്ടാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ തുടരുകയാണ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ 20 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
Also Read: ഗുജറാത്ത് മദ്യദുരന്തം : മരണം 28 ആയി, 19 പേര്‍ ചികിത്സയില്‍ ; നിരവധി പേര്‍ കസ്റ്റഡിയില്‍