അഹമ്മദാബാദ്: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനകളുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാർ. 1500 രൂപയില്‍ നിന്ന് 800 രൂപയായാണ് കുറച്ചിരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു .സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്. ടെസ്റ്റ് കിറ്റുകളുടെ വില വലിയ തോതിൽ കുറഞ്ഞതാണ് പരിശോധന നിരക്ക് കുറയാന്‍ കാരണം.
ഇന്നുമുതല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും നിതിന്‍ പട്ടേല്‍ അറിയിച്ചു. അതേസമയം ലാബ് അസിസ്റ്റന്‍റ് വീട്ടില്‍ വന്ന് സാമ്പിള്‍ ശേഖരിക്കുയാണെങ്കില്‍ 1100 രൂപയായിരിക്കും പരിശോധനാ നിരക്ക്. നിലവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നതിന് 2000 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സർക്കാരും രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും അടുത്തിടെ ഇത്തരത്തിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.