ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും വേരിയന്‍റ് ഓഫ് കൺസേൺ, വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റ് എന്നീ വകഭേദങ്ങൾ മൂലമുണ്ടാകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്ത് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് പുതുക്കി ഇന്ത്യ.
യു.കെ, യൂറോപ്യൻ യൂണിയൻ, മധ്യ ഏഷ്യൻ രാജ്യങ്ങളെ കൂടാതെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളെയാണ് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് പുതുതായി ചേർത്തത്.
ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് രാജ്യത്തേക്ക് വരണമെങ്കിൽ 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിൽ എത്തിയ ശേഷവും ആർടിപിസിആർ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ യുകെ, യൂറോപ്യൻ യൂണിയൻ, മധ്യ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിലെത്തിയ ശേഷവും ആർടിപിസിആർ പരിശോധന നടത്തണം.
മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡം പ്രകാരം രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്ക് മാത്രമേ ഇന്ത്യയിലേക്ക് വരാൻ അനുവാദമുള്ളൂ.
രാജ്യത്ത് എത്തുമ്പോൾ പോസിറ്റീവ് ആകുകയോ രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുന്ന യാത്രക്കാർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, പരിശോധന, ഉചിതമായ കൊവിഡ് പെരുമാറ്റങ്ങൾ എന്നിവ ഉറപ്പുവരുത്തുന്ന പൊതുജനാരോഗ്യ പരിപാടികൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർശനമായി തുടരണമെന്ന് മന്ത്രാലയം അറിയിച്ചു.