കച്ച് (ഗുജറാത്ത്): ജിഎസ്‌ടി കമ്മിഷണർക്കെതിരെ പ്രതിഷേധിച്ച് ഗാന്ധിധാം ജിഎസ്‌ടി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി ഭാര്യ. ഗാന്ധിധാം ജിഎസ്‌ടി ചീഫ് കമ്മിഷണർ ആനന്ദ് കുമാർ പുൽപകയ്‌ക്കെതിരെയാണ് ഭാര്യ രത്‌ന പുൽപകയും മകളും വ്യാഴാഴ്‌ച പന്തൽ കെട്ടി കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. കുടുംബവഴക്ക് ഉൾപ്പെടെ 20 വർഷമായി താൻ അനുഭവിക്കുന്നുവെന്ന് യുവതി ആരോപിക്കുന്ന അനീതി വ്യക്തമാക്കുന്ന ബാനറുകളും യുവതിയും മകളും പ്രതിഷേധ പന്തലിൽ ഉയർത്തി.
തന്റെ ഭർത്താവ് വർഷങ്ങളായി തന്നോട് അന്യായമായാണ് പെരുമാറുന്നതെന്നും തന്നിൽ നിന്ന് വിവാഹമോചനം നേടാതെ വീണ്ടും വിവാഹം ചെയ്‌തുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം വിവാഹത്തിൽ ആനന്ദ് കുമാറിന് രണ്ടോ മൂന്നോ കുട്ടികളുണ്ടായി. രണ്ടാം ഭാര്യക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനാൽ അവർ തന്നെയും തന്റെ മകളെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു. കമ്മിഷണറെ കാണാൻ വീട്ടിലെത്തിയ തന്നെയും മകളെയും വീട്ടിൽ നിന്നും പുറത്താക്കിയതായും യുവതി പറയുന്നു.
കമ്മിഷണർ ആനന്ദ് കുമാർ പുൽപക അവധിയിലാണെന്നും യുവതിയും മകളും പ്രതിഷേധിച്ച സമയത്ത് അദ്ദേഹം ഓഫിസിൽ ഉണ്ടായിരുന്നില്ലെന്നും ജിഎസ്‌ടി ഉദ്യോഗസ്ഥർ മറുപടി നൽകി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ആനന്ദ് കുമാർ പ്രതികരിക്കാൻ തയാറായില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.