ഡോഡ (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ ഡോഡയില്‍ വീടുകള്‍ക്ക് വിള്ളലുണ്ടായ സംഭവത്തില്‍ പരിശോധന നടത്തി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഭൂഗര്‍ഭ മണ്ണ് ഇടിയുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ജിഎസ്‌ഐ സംഘം പ്രദേശത്ത് പരിശോധന നടത്തുന്നത്.
ഡോഡയില്‍ 19 വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ വിള്ളലേറ്റിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തു നിന്ന് ജിഎസ്‌ഐ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം ജിഎസ്‌ഐ വിശദാംശങ്ങള്‍ നല്‍കുമെന്നും അതനുസരിച്ച് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഡോഡ ഡെപ്യൂട്ടി കമ്മിഷണര്‍ വിശേഷ് പാല്‍ മഹാജന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രദേശത്തെ വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ അത് രൂക്ഷമായിട്ടുണ്ടെന്ന് ഡോഡ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഥര്‍ അമീര്‍ സര്‍ഗാര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സമാന രീതിയില്‍ വീടുകളില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായതിന് പിന്നാലെയായിരുന്നു വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.