ഖർഗോൺ : മധ്യപ്രദേശിലെ കലാപം രൂക്ഷമായ ഖർഗോണിൽ കർശനമായ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ നവവധുവിനെ വരനോടൊപ്പം കുടുംബാംഗങ്ങൾ യാത്രയാക്കിയത് മോട്ടോർ സൈക്കിളിൽ. വെള്ളിയാഴ്‌ച (ഏപ്രിൽ 15) വിവാഹിതരായ ലഖാൻ ഭൽസെ-ദീപിക ദമ്പതികളാണ് പരമ്പരാഗത വിവാഹ ഘോഷയാത്രയോ ബാൻഡ് മേളങ്ങളോ ഒന്നുമില്ലാതെ യാത്ര ബൈക്കിലാക്കിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ വിവാഹത്തിന് ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്.
നാല് മാസം മുമ്പ് തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും ഏപ്രിൽ 10ന് പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ വൻതിരിച്ചടിയായി മാറിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു. തുടർന്ന് വളരെ ലളിതമായി വിവാഹച്ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വധുവിന് വരനോടൊപ്പം ബൈക്കിൽ യാത്രയയപ്പ് നൽകേണ്ടിവന്നതെന്നും ബന്ധുക്കൾ പറയുന്നു.
ALSO READ:ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം; കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു, 20 പേര്‍ അറസ്റ്റില്‍
തങ്ങളുടെ വിവാഹം ഇത്തരമൊരു രീതിയിലായിപ്പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിഥികൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും വധൂവരന്മാർ പറഞ്ഞു. നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ മൂലം നിരവധി വിവാഹങ്ങളാണ് മുടങ്ങിയത്. ഏപ്രിൽ 10ന് നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറ് പിന്നീട് വൻ കലാപമായി മാറുകയായിരുന്നു.
ആക്രമണത്തിനിടെ ചിലർ പെട്രോൾ ബോംബെറിഞ്ഞു. സംഭവത്തിൽ 20 പോലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. കേസിൽ ഇതുവരെ 120ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കർഫ്യൂ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഖർഗോണിൽ ജനജീവിതം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.