അഹമ്മദാബാദ് : ബിപർജോയ് ചുഴലിക്കാറ്റ് ദുർബലമാവുകയും കച്ച് - സൗരാഷ്ട്ര മേഖലകളിൽ നാശം വിതച്ച് തെക്കൻ രാജസ്ഥാൻ മേഖലയിലേയ്‌ക്ക് നീങ്ങുകയും ചെയ്‌ത സാഹചര്യത്തിൽ സംസ്ഥാനത്തെ ജനജീവിതം മൂന്ന് ദിവസം കൊണ്ട് പഴയ രീതിയിൽ പുനഃസ്ഥാപിക്കുമെന്ന് ഗുജറാത്ത് സർക്കാർ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ദുരിതാശ്വാസ നടപടികൾ കൃത്യസമയത്ത് ദുരിതബാധിതരിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. തോട്ടിൽ കുടുങ്ങിയ കന്നുകാലികളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും മകനും മരിച്ച സംഭവം മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് വേറെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്.
ചുഴലിക്കാറ്റ് കരയിലെത്തുന്നതിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചത് സാങ്കേതികമായി 'സീറോ കാഷ്വാലിറ്റി ' കൈവരിക്കാൻ സംസ്ഥാനത്തെ സഹായിച്ചതായി ഭൂപേന്ദ്ര പറഞ്ഞു. ബിപർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ നാശനഷ്‌ടത്തിന്‍റെ അവലോകന യോഗം ഇന്നലെ നടന്നു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍ററിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബന്ധപ്പെട്ട ജില്ല കലക്‌ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
നാശനഷ്‌ടങ്ങളുടെ കണക്കെടുത്തു : ജില്ല തിരിച്ചുള്ള പ്രാഥമിക നാശനഷ്‌ടങ്ങളുടെ കണക്കാണ് മുഖ്യമന്ത്രിയ്‌ക്ക് നൽകിയിട്ടുള്ളത്. കൂടാതെ തിങ്കളാഴ്‌ചയ്‌ക്കകം ദുരിബാധിതർക്ക് നഷ്‌ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രന്തബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, വെള്ളം, റോഡുകൾ, ആശയവിനിമയം എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. കന്നുകാലികളുടെ നാശനഷ്‌ടം, വീടുകളുടെ കേടുപാടുകൾ എന്നിവ ഉൾപ്പടെയുള്ള മറ്റെല്ലാ നാശനഷ്‌ടങ്ങൾക്കുമുള്ള നഷ്‌ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യും. കടൽക്ഷോഭത്തിൽ കടപുഴകി വീണ മരങ്ങളുടെ ഇരട്ടി നട്ടുപിടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
കാറ്റ് തീരം വിട്ടെങ്കിലും പിടിവിടാതെ മഴ : വ്യാഴാഴ്‌ച വൈകീട്ട് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് നിലവിൽ ദിർബലമായെങ്കിലും ഇത് മൂലം വടക്കൻ ഗുജറാത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച കച്ച് ജില്ലയിലെ ഗാന്ധിധാമിൽ 20 സെന്‍റീമീറ്ററും കാണ്ട്‌ല വിമാനത്താവളത്തിൽ 16 സെന്‍റീമീറ്ററും അഞ്‌ജാർ, ഭുജ്, മുന്ദ്ര എന്നിവിടങ്ങളിൽ 13 സെന്‍റീമീറ്ററുമാണ് മഴ ലഭിച്ചത്. അതേസമയം കച്ചിന്‍റെ പല ഭാഗങ്ങളിലും സൗരാഷ്‌ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്‌കോട്ട്, മോർബി ജില്ലകളിലും ഇന്നലെ മണിക്കൂറിൽ 100 മുതൽ 185 മി.മീ വരെ മഴയും മണിക്കൂറിൽ 95 കി.മീ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീണ സാഹചര്യത്തിൽ 4,600 ഗ്രാമങ്ങളിൽ വൈദ്യുതി തടസം ഉണ്ടായിരുന്നു. എന്നാൽ ദേശീയ ദുരന്തനിവാരണ സേന റോഡുകളിലെ മരങ്ങൾ വെട്ടിനീക്കി യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. റോഡിൽ വീണ 581 മരങ്ങളാണ് വനം വകുപ്പ് സംഘം നീക്കിയത്.
നാശം വിതച്ച കാറ്റ് : വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി 1,127 ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. 5,120 വൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള പവർ കമ്പനി റിപ്പോർട്ട് ചെയ്‌തു. ചുഴലിക്കാറ്റിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അച്ഛനും മകനും മരിച്ച സംഭവം ചുഴലിക്കാറ്റ് അല്ലാത്തതിനാൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതായി കണക്കാക്കില്ലെന്ന് ദുരിതാശ്വാസ കമ്മീഷണർ അലോക് കുമാർ പാണ്ഡെ പറഞ്ഞു.
മൂന്ന് സംസ്ഥാന പാതകൾ തകർന്നിട്ടുണ്ട്. കടൽത്തീരത്ത് എട്ട് മീറ്ററോളം വേലിയേറ്റവും വേലിയേറ്റവും ഉണ്ടായതിനാൽ കൊടുങ്കാറ്റ് കടന്നുപോയ തീരദേശ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.