ന്യൂഡൽഹി: ത്രിപുരയിലും നാഗാലാൻഡിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. മന്ത്രിസഭ ഘടനയും സർക്കാർ രൂപീകരണവും ചർച്ച ചെയ്‌ത യോഗത്തിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോയും പങ്കെടുത്തതായി വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും പങ്കെടുത്തു.
'ത്രിപുരയിലെ സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയാണ് യോഗം ചേർന്നത്. മുൻ മുഖ്യമന്ത്രി ഡോ. മണിക് സാഹ തലപ്പത്ത് തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം മുൻ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്‍റെ പേരും ഉയർന്നുവരുന്നുണ്ട്', വൃത്തങ്ങൾ അറിയിച്ചു. ത്രിപുരയിൽ മാർച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുക്കുമെന്ന് ത്രിപുര ബിജെപി അധ്യക്ഷൻ റജീബ് ഭട്ടാചാരി ശനിയാഴ്‌ച പറഞ്ഞിരുന്നു.
'ഞങ്ങളുടെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് മാർച്ച് എട്ടിന് നടക്കും. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയും അവിടെ സന്നിഹിതരാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ത്രിപുരയിൽ ഒരുമിച്ച് ഹോളി ആഘോഷിക്കും', ഭട്ടാചാര്യ പറഞ്ഞു. അതേസമയം മേഘാലയയിലും നാഗാലാൻഡിലും മാർച്ച് ഏഴിനാണ് സത്യപ്രതിജ്ഞ നടക്കുക.
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും നാഗാലാൻഡിൽ സഖ്യ പങ്കാളിയായ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യുമായി ചേർന്ന് അധികാരം നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്. മേഘാലയയിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി ഭരണപക്ഷത്തെത്താനും ബിജെപിക്കായി.
ത്രിപുര തൂത്തുവാരി ബിജെപി: ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ മികച്ച വിജയം നേടിയാണ് ബിജെപി തുടർ ഭരണം സ്വന്തമാക്കിയത്. സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെയും പുത്തൻ താരോദയമായ തിപ്ര മോത പാർട്ടിയേയും അട്ടിമറിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ വിജയം. 39 ശതമാനം വോട്ട് വിഹിതത്തോടെ 32 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി ത്രിപുരയിൽ തുടർ ഭരണം ഉറപ്പിച്ചത്. 13 സീറ്റുമായി തിപ്ര മോത പാർട്ടി രണ്ടാം സ്ഥാനത്തെത്തി മുഖ്യ പ്രതിപക്ഷവുമായി.
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന് പ്രവചിച്ചിരുന്ന സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് പക്ഷേ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. ഒരു കാലത്ത് ത്രിപുര അടക്കി ഭരിച്ചിരുന്ന സിപിഎമ്മിന് 11 സീറ്റുകൾ മാത്രമാണ് നേടാനായത്. സിപിഎമ്മിന്‍റെ സഖ്യ കക്ഷിയായി മത്സരിച്ച കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടി. ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്‌ടി) ഒരു സീറ്റും സ്വന്തമാക്കി.
നാഗാലാൻഡിൽ എൻഡിഎ കുതിപ്പ്: നാഗാലാൻഡിലും ബിജെപി- എൻഡിപിപി സഖ്യം മികച്ച പ്രകടനത്തോടെ ഭരണം നിലനിർത്തി. 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 12 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ മുഖ്യകക്ഷിയായ എൻഡിപിപി 25 സീറ്റുകൾ പിടിച്ചെടുത്തു. അതേസമയം 2018ലെ തെരഞ്ഞെടുപ്പിൽ 26 സീറ്റുകളുണ്ടായിരുന്ന നാഗ പീപ്പിൾസ് ഫ്രണ്ട് ഈ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്‌ചയും കാണാനായി.
മേഘാലയയിൽ എൻപിപി: മേഘാലയയിൽ കൊണ്‍ഗാഡ് സാംഗ്‌മയുടെ എൻപിപി 26 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ബിജെപിയും, എച്ച്എസ്‌പിഡിയും രണ്ട് സീറ്റുകളിൽ വീതം വിജയം നേടി. നിലവിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെയും എച്ച്എസ്‌പിഡിപിയുടെയും രണ്ടു വീതം എംഎൽഎമാർ ഉൾപ്പെടെ 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കോൺറാഡ് സാങ്മ അറിയിച്ചിരിക്കുന്നത്.