ന്യൂഡല്‍ഹി : ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഈ വര്‍ഷത്തെ കരിമ്പിന്‍റെ വിളവെടുപ്പ് സീസണില്‍(2021 ഒക്ടോബര്‍31- 2022സെപ്‌റ്റംബര്‍1) കയറ്റുമതി ഒരു കോടി ടണ്ണായി നിജപ്പെടുത്തി. ആഭ്യന്തരവിപണിയില്‍ ആവശ്യത്തിന് പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്താനാണ് നടപടി.
ജൂണ്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31വരെ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് ഡയറക്‌ടര്‍ ഓഫ് ഷുഗര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്ന് ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നു. എന്നാല്‍ ഈ നിയന്ത്രണം ഒരു നിശ്ചിത അളവില്‍ യൂറോപ്യന്‍ യൂണിയനിലേക്കും യുഎസിലേക്കുമുള്ള പഞ്ചസാര കയറ്റുമതിക്ക് ബാധകമല്ല. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ആദ്യമായാണ് പഞ്ചസാര കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കൂടാതെ ലോകത്തില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഇപ്പോഴത്തെ തീരുമാനം ആഗോള വിപണിയില്‍ പഞ്ചസാരയുടെ വില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിലയിരുത്തലുണ്ട്.
യുക്രൈന്‍ റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഈയിടെ മലേഷ്യ ഇറച്ചി കോഴികളുടേയും, ഇന്തോനേഷ്യ പാമോയിലിന്‍റേയും കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.