ഗൂഗിൾ പേയിൽ ഇനി മുതൽ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ പേയ്‌മെന്‍റുകൾ നടത്താം. ഇതിനായി നാഷണൽ പേയ്‌മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി (എൻസിപിഐ) ചേർന്ന് യുപിഐ പേയ്‌മെന്‍റുകൾക്കായി റുപേ ക്രെഡിറ്റ് കാർഡുകൾക്കായുള്ള പിന്തുണ ഉറപ്പാക്കിയതായി ഗൂഗിൾ അറിയിച്ചു. ഇതിലൂടെ ഉപഭോക്‌താക്കൾക്ക് ഇനി മുതൽ ഗൂഗിൾ പേയിൽ റുപേ ക്രെഡിറ്റ് കാർഡുകൾ ചേർക്കാനും എല്ലാ ഓണ്‍ലൈൻ, ഓഫ്‌ലൈൻ ഇടപാടുകളിലും പേയ്‌മെന്‍റ് നടത്താനും കഴിയും.
ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഈ ഫീച്ചറിലൂടെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് പേയ്‌മെന്‍റുകൾ കൂടുതൽ എളുപ്പത്തിൽ നടത്താൻ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റുകൾ കൂടുതൽ സ്വീകാര്യമാകുമെന്നും ഗൂഗിളിന്‍റെ പ്രൊഡക്റ്റ് മാനേജ്‌മെന്‍റ് ഡയറക്‌ടർ ശരത് ബുലുസു പറഞ്ഞു.
റുപേ ക്രെഡിറ്റ് കാർഡ് എങ്ങനെ ഗൂഗിൾ പേയിൽ ചേർക്കാം? : ഗൂഗിള്‍ പേയിൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്കായി കാർഡ് ചേർക്കേണ്ടതായുണ്ട്. ഇതിനായി ഉപഭോക്‌താക്കൾ ഗൂഗിൾ പേയിൽ തങ്ങളുടെ പ്രൊഫൈലിലെ 'റുപേ ക്രെഡിറ്റ് കാർഡ് ഓണ്‍ യുപിഐ' എന്ന ഒപ്‌ഷൻ തെരഞ്ഞെടുക്കുക.
ശേഷം ഉപഭോക്‌താവിന്‍റെ റുപേ ക്രെഡിറ്റ് കാർഡിന്‍റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കാം. അതിന് ശേഷം ക്രെഡിറ്റ് കാർഡിന്‍റെ അവസാന ആറ് അക്കങ്ങൾ, വാലിഡിറ്റി തീയതി, സിവിവി എന്നിവ നൽകുക. ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി അത് സ്ഥിരീകരിക്കുക.
അതേസമയം യുപിഐയിൽ റുപേ ക്രെഡിറ്റ് കാർഡിന്‍റെ സംയോജനത്തിലൂടെ, യുപിഐയുടെ സൗകര്യവും റുപേ ക്രെഡിറ്റ് കാർഡിന്‍റെ നേട്ടങ്ങളും സുഗമമായി സംയോജിപ്പിച്ച് ശ്രദ്ധേയമായ ഉപയോക്തൃ അനുഭവം സമ്മാനിക്കാനാകുമെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് റിലേഷൻഷിപ്പ് മാനേജ്‌മെന്‍റിൽ നിന്നുള്ള നളിൻ ബൻസാൽ പറഞ്ഞു. നേരത്തെ 2022 ജൂണിൽ തന്നെ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
ALSO READ: 2,000 രൂപ മാറ്റിയെടുക്കാന്‍ ഐഡി കാര്‍ഡും അപേക്ഷ ഫോമും വേണ്ട; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ബിഐ
കുതിച്ചുയർന്ന് യുപിഐ ഇടപാട് : അതേസമയം രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. യുപിഐ ഇടപാടുകൾ മാർച്ചിൽ 8.7 ബില്യണിലെത്തിയതായും ഇതിനാൽ തന്നെ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായതായി എൻപിസിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. 2022 കലണ്ടർ വർഷത്തിൽ യുപിഐ ഉപയോഗിച്ച് 125.94 ട്രില്യണ്‍ രൂപയുടെ ഏകദേശം 74 ബില്യണ്‍ ഇടപാടുകൾ നടത്തിയതായാണ് എൻപിസിഐ ഡാറ്റകൾ വ്യക്‌തമാക്കുന്നത്.