ഹൈദരാബാദ്: ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ ഓരോ നിമിഷങ്ങളും പങ്കുവച്ച് ഗൂഗിള്‍ ഡൂഡില്‍ (Google Celebrates chandrayaan 3). ദൗത്യത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും തത്സമയം ജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേകം വെബ് പേജും ഗൂഗിള്‍ ഒരുക്കിയിരുന്നു. രാജ്യം മുഴുവന്‍ ചന്ദ്രയാന്‍ ദൗത്യത്തെ ഉറ്റുനോക്കിയപ്പോള്‍ ദൗത്യത്തിന് ആദരമര്‍പ്പിച്ചാണ് ടച്ച് ഡൗണ്‍ യാത്രയെ ആനിമേറ്റഡ് ഗൂഗിള്‍ ഡൂഡിലൂടെ അവതരിപ്പിച്ചത്.
ആനിമേറ്റഡ് ഡൂഡില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ ചുറ്റിക്കറങ്ങി. ഒടുക്കം അത് ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങി. അതില്‍ നിന്നും റോവര്‍ പ്രഗ്യാന്‍ പുറത്ത് വന്ന് ചന്ദ്രന്‍റെ ഉപരിതലത്തില്‍ പര്യവേഷണം ആരംഭിച്ചു. ചന്ദ്രയാന്‍ 3യുടെ വിജയകരമായി നേട്ടത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒയ്‌ക്ക് ലഭിച്ച അഭിനന്ദന പ്രവാഹങ്ങളെയും ഡൂഡില്‍ പ്രതിനിധീകരിച്ചു.
ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ഏറെ പ്രധാനപ്പെട്ടയിടമാണെന്നും അതിനുള്ള കാരണങ്ങളും ഗൂഗിള്‍ വിശദീകരിക്കുന്നുണ്ട്. ദക്ഷിണ ധ്രുവത്തില്‍ ഐസ് നിക്ഷേപം ഉണ്ടാകാനിടയുണ്ടെന്ന പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചു. ബഹിരാകാശ യാത്രകള്‍ക്ക് ഏറെ ആശ്വസമുള്ളതാണ് ഈ വാര്‍ത്ത. ബഹിരാകാശത്ത് വായു, വെള്ളം എന്നിവയ്‌ക്കുള്ള സാധ്യതയാണ് ഐസ് നിക്ഷേപം വാഗ്‌ദാനം ചെയ്യുന്നതെന്നും ഗൂഗിള്‍ വെബ് പേജില്‍ വ്യക്തമാക്കി.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നുമാണ് ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിക്ഷേപണത്തിന് പിന്നാലെ ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞത് ഇങ്ങനെയാണ് 'ഇന്ത്യ വാസ് ഓണ്‍ ദി മൂണ്‍'.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ ചരിത്ര വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞരെയും അവരുടെ ചരിത്ര നേട്ടത്തെയും അഭിനന്ദിച്ചു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണ വാഹനം സോഫ്‌റ്റ് ലാന്‍ഡിങ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്ക, സോവിയറ്റ് യൂണിയന്‍ , ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യ.
കര്‍ണാടക മുഖ്യമന്ത്രി ബെഗളൂരുവിലെ ഐഎസ്‌ആര്‍ഒ സെന്‍ററിലെത്തി മേധാവി എസ് സോമനാഥിനെ ആദരിച്ചു. ബഹിരാകാശത്ത് ജനവാസത്തിന് സാധ്യതയുണ്ടെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചതെന്ന് സോമനാഥ് വെളിപ്പെടുത്തി.