തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ കോംപ്ലക്‌സായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി ഉൾപ്പെടെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഗോൾഡൻ ട്രയാങ്കിൾ ടൂർ പാക്കേജ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പാക്കേജിന്‍റെ ഭാഗമായാണ് പുതിയ സർവീസ്.
തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്‌പൂർ ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്നതാണ് ടൂർ പാക്കേജ്. 11 രാത്രികളും 12 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ 6475 കിലോമീറ്റർ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ കഴിയും. മെയ് 19നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. മെയ് 30ന് തിരികെയെത്തും.
യാത്രക്കിടയിൽ റാമോജി ഫിലിം സിറ്റി കൂടാതെ ഹൈദരാബാദിലെ ചാർമിനാർ, ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയമായ സലാർ ജംഗ് മ്യൂസിയം, ഗോൽകൊണ്ട കോട്ട, താജ്‌മഹൽ, ആഗ്ര കൊട്ടാരം, ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ, ജയ്‌പൂരിലെ സിറ്റി പാലസ്, ജന്ദര്‍ മന്ദിർ, ഹവാ മഹൽ, ഗോവയിലെ കലൻഗുട്ടെ ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ് കത്തീഡ്രൽ എന്നിവയും ഈ യാത്രയുടെ ഭാഗമായി സന്ദർശിക്കാൻ കഴിയും.
സ്ലീപ്പർ ക്ലാസും ത്രീ ടയർ എസി സൗകര്യവുമുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്. നോൺ എസി ക്ലാസിലെ യാത്രയെ സ്റ്റാന്‍റേർഡ് എന്ന വിഭാഗത്തിലും എസി ക്ലാസിലെ യാത്രയെ കംഫർട്ട് വിഭാഗവുമായാണ് തിരിച്ചിരിക്കുന്നത്. സ്റ്റാന്‍റേർഡ് വിഭാഗത്തിന് 22,900 രൂപയും കംഫർട്ട് വിഭാഗത്തിന് 36,050 രൂപയുമാണ് ചാർജ് ഈടാക്കുക.
താമസം, വെജിറ്റേറിയൻ ഭക്ഷണം, ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ബസ് യാത്ര എന്നിവയടക്കമാണ് ചാർജ് ഈടാക്കുന്നത്. ഓരോ കമ്പാർട്ട്മെന്‍റിലും സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ വൈദ്യസഹായം ആവശ്യം വന്നാൽ ഡോക്‌ടറുടെ സേവനവും യാത്രക്കാർക്ക് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ചാർജ് യാത്രക്കാർ തന്നെ വഹിക്കണം.
അഞ്ച് വയസ് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് സ്റ്റാന്‍റേർഡ് വിഭാഗത്തിൽ 21,330 രൂപയാണ് ചാർജ്. കംഫർട്ട് വിഭാഗത്തിൽ അത് 34,160 രൂപയാകും. ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഐ.ആർ.സി.ടി.സിയുടെ ബുക്കിങ് കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ യാത്രക്കാർക്ക് എടുക്കാവുന്നതാണ്.
750 വിനോദ സഞ്ചാരികൾക്കാണ് ഈ സർവീസിൽ യാത്ര ചെയ്യാൻ കഴിയുക. സ്റ്റാന്‍റേർഡ് ക്ലാസിൽ 544 സീറ്റുകളും കംഫർട്ട് ക്ലാസിൽ 206 സീറ്റുകളുമാണുള്ളത്. ഇപ്പോഴത്തെ സർവീസിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന സർവീസിൽ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോടന്നൂർ ജങ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് കയറാം.
തിരികെ യാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ഇറങ്ങാൻ കഴിയും. എല്ലാ മാസവും തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ഇത്തരത്തിൽ ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജിന്‍റെ ഭാഗമായി പ്രത്യേക ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ.ആർ.സി.ടി.സി.