മംഗളൂരു/ദേവനഹള്ളി: കർണാടകയിൽ രണ്ട് വിമാനത്താവളങ്ങളിലായി 29.14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും 5.3 കോടി രൂപയോളം വിലവരുന്ന ഹെറോയിനും പിടികൂടി. ദുബായിൽ നിന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്.
ചൊവ്വാഴ്‌ച എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വന്നിറങ്ങിയ ഇയാളുടെ പക്കലുണ്ടായിരുന്ന 29,14,160 രൂപ വിലമതിക്കുന്ന 584 ഗ്രാം സ്വർണം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാരൻ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.
ALSO READ: കൂട്ടബലാത്സംഗത്തിന് ഇരയായി 8 വയസുകാരി; പ്രായപൂർത്തിയാകാത്ത പ്രതികള്‍ പിടിയിൽ
അതേസമയം ദുബായിൽ നിന്ന് കിയാൽ എയർ കാർഗോ ഡിവിഷനിലേക്ക് കൊറിയർ അയച്ച രേഖകൾ അടങ്ങിയ ബാഗിൽ നിന്ന് 5.3 കോടി രൂപ വിലമതിക്കുന്ന 754 ഗ്രാം ഹെറോയിൻ കണ്ടെത്തി. ദേവനഹള്ളി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിലേക്ക് ജനുവരി 22നാണ് ദുബായിൽ നിന്ന് കൊറിയർ വഴി ഡോക്യുമെന്‍റ് അടങ്ങിയ ബാഗ് എത്തിയത്.
എയർ കാർഗോ കമ്മീഷണറുടെ ഓഫീസിൽ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്. ഇത് ഇറക്കുമതി ചെയ്തയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.