പനജി: കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കൊവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചത്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗോവയിൽ 280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടു. 81 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,584 ആയി. 55,838 പേർ രോഗ മുക്തരായപ്പോൾ 832 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.