ഗോകവാരം: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ നാടിനെ നടുക്കി കൊലപാതകം. കിഴക്കൻ ഗോദാവരി ജില്ലയിലെ ഗോകവാരം മണ്ഡലത്തിലെ തിരുമലയപലേനിയിലെ ഒമ്മി നാഗശേഷു (25) എന്ന യുവാവിനെ കാമുകി വീട്ടിൽ കയറി വെട്ടിക്കൊന്നു. അല്ലൂരി സീതാരാമരാജു ജില്ലയിലെ റമ്പാചോടവാരം മണ്ഡലം ചേലക്കവീഥിയിലെ കുർലു ദിബേര എന്ന യുവതിയാണ് കൊലപാതകം നടത്തിയത്.
സംഭവം നടന്നതിങ്ങനെ: ഒമ്മി നാഗശേഷുവും കുർലു ദിബേരയും ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുർലു ദിബേര ഇരുവരും വിവാഹിതരാകാം എന്ന ഉറപ്പിന്മേലാണ് പ്രണയ ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നാഗശേഷുവിന് ദിബേര രണ്ടുലക്ഷം രൂപയും തന്‍റെ സ്വർണ ചെയിനും നൽകിയിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് നാഗശേഷു ദിബേര അറിയാതെ വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ വിവരം ദിബേരയോട് നാഗശേഷുവിന്‍റെ വീട്ടുകാരുൾപ്പെടെ മറച്ച് വയ്‌ക്കുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് ദിബേര ഈ വിവാഹത്തെക്കുറിച്ച് അറിയുന്നത്. വിവരം അറിഞ്ഞതോടെ ദിബേര തന്‍റെ പണവും സ്വർണവും തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും എന്നാൽ പല തവണ ആവശ്യപ്പെടുകയും ഒമ്മി നാഗശേഷു ദിബേരയെ അവഗണിച്ചതോടെയുമാണ് ദിബേര നാഗശേഷുവിനെ കൊല്ലാൻ തീരുമാനിക്കുന്നത്.
കൊലപാതകം നടത്താനായി ഇവർ തന്‍റെ സുഹൃത്തായ ശിവൻനാരായണന്‍റെ സഹായവും തേടി. ബുധനാഴ്‌ച അർധരാത്രി 1.30ന് നാഗശേഷുവിന്‍റെ വീട്ടിലേക്ക് ശിവൻനാരായണന്‍റെ ബൈക്കിലാണ് എത്തിയത്. ഈ സമയം വീടിന്‍റെ ടെറസിൽ ഉറങ്ങുകയായിരുന്നു നാഗശേഷു. ഇവിടെ വച്ച് നടന്ന വാക്ക് തർക്കം പിന്നീട് ബലപ്രയോഗത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത പ്രകാരം താൻ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് ദിബേര നാഗശേഷുവിനെ ആക്രമിക്കുകയായിരുന്നു.
അതേസമയം ആക്രമണം തടയാനെത്തിയ നാഗശേഷുവിന്‍റെ അമ്മ ഗംഗയെ ശിവനാരായണ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന നാഗശേഷുവിനെ നാട്ടുകാർ ആംബുലൻസിൽ ഗോകവാരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി റമ്പച്ചോടവരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഗംഗയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു