ഹൈദരാബാദ്: ജൂബിലി ഹില്‍സില്‍ പീഡനത്തിനിരയായ പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ അയല്‍വാസികളായ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നേപ്പാൾ സ്വദേശി ബുദ്ധിമാൻ കാമേ (53), സായികുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്‌ച(ഒക്‌ടോബര്‍ 1) നിലോഫറിലാണ് പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മ വീടിന് സമീപത്തെ ആശ വര്‍ക്കറോട് തന്‍റെ മകള്‍ ഗര്‍ഭിണിയാണെന്നും പോഷകാഹാരം നല്‍കണമെന്നും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് ആശ വര്‍ക്കര്‍ മുഖേനയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് അയല്‍വാസികളായ ഇരുവരും തന്നെ നിരന്തരം പീഡനത്തിനിരയാക്കിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. കുഞ്ഞിന്‍റെ അച്ഛനാരാണെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
also read: മലപ്പുറത്ത് യാത്രക്കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍