ലഖ്‌നൗ : അയല്‍വാസിയുടെ വസ്‌ത്രം മോഷ്‌ടിച്ചെന്നാരോപിച്ചതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ 14കാരി ജീവനൊടുക്കി. കൗശാംബി കരാരി നിവാസിയായ അനാമികയാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 3) രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് അനാമിക ജീവനൊടുക്കിയത് (Girl Committed Suicide).
കരാരി സ്വദേശിയായ കര്‍ഷകന്‍ നകുലിന്‍റെ മകളാണ് അനാമിക. ഏഴ് വര്‍ഷം മുമ്പ് അനാമികയുടെ അമ്മ മരിച്ചു. തുടര്‍ന്ന് മറ്റൊരു യുവതിയെ നകുല്‍ വിവാഹം ചെയ്‌തു. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അനാമികയെ നിരന്തരം മര്‍ദനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സമര്‍ ബഹദൂര്‍ സിങ് പറഞ്ഞു.
ഇന്ന് രാവിലെയാണ് അയല്‍വാസിയായ സ്‌ത്രീ അനാമിക തന്‍റെ വസ്‌ത്രങ്ങള്‍ മോഷ്‌ടിച്ചെന്ന് പിതാവിനോട് പരാതിപ്പെട്ടത്. സംഭവത്തിന് പിന്നാലെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കുട്ടിയെ മര്‍ദിച്ചു. ഇതിന് പിന്നാലെ ഇരുവരും ജോലിയ്‌ക്ക് പോയതോടെയാണ് അനാമിക ജീവനൊടുക്കിയത്. ഇരുവരും തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും തുടര്‍ന്നാണ് കുടുംബം തങ്ങളെ വിവരം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.