ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടായിക്കൊണ്ടിരിക്കെ ഓക്സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തുന്നുമുണ്ട്. ജര്‍മ്മനിയില്‍ നിന്നും എത്തിച്ച ഓക്സിജന്‍ പ്ലാന്‍റ് ഡിആർഡിഒയുടെ സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് ആശുപത്രിയില്‍ പ്രവർത്തന സജ്ജമാകാനുള്ള തയ്യാറെടുപ്പിലാണ്. തിങ്കളാഴ്ചയാണ് പ്ലാന്‍റിന്‍റെ ട്രയല്‍ റണ്‍.
Also Read…… ഓക്സിജന്‍ വിതരണം : 12 അംഗ കര്‍മസമിതിയെ നിയോഗിച്ച് സുപ്രീംകോടതി
രണ്ട് ഭാഗങ്ങളായാണ് പ്ലാന്‍റ് ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ആദ്യ ഭാഗം വ്യാഴാഴ്ചയും രണ്ടാമത്തെ ഭാഗം വെള്ളിയാഴ്ചയും എത്തി. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡർ ഓക്സിജൻ പ്ലാന്റ് പരിശോധിക്കുകയും ചെയ്തു. ഇതിനുപുറമെ 120 വെന്‍റിലേറ്ററുകളും ശൂന്യമായ നാല് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും ജർമ്മനി ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
ജപ്പാനിൽ നിന്ന് 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഇന്ത്യയിലെത്തിയിട്ടുണ്ട്. 'യുഎസ് മുതൽ സിംഗപ്പൂർ, ജർമ്മനി, തായ്‌ലൻഡ് വരെ. ലോകം ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു' എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ട്വീറ്റ് ചെയ്തത്. 25,000 ഡോസ് റെംഡെസിവിറിന്‍റെ മൂന്നാമത്തെ ലോഡും അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തി. അതേസമയം കഴിഞ്ഞ വർഷം ഇന്ത്യ 150 ലധികം രാജ്യങ്ങൾക്ക് കൊവിഡ് -19 വാക്സിനുകൾ, മരുന്നുകള്‍, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകിയിരുന്നു.