ഗാസിയാബാദ് : നാലര വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോക്‌സോ കോടതി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരമാണ് പ്രതിയ്‌ക്ക് ശിക്ഷ വിധിച്ചത്. ഷാഹിബാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2022 ഡിസംബര്‍ ഒന്നിനാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗത്തിനിരയാക്കിയ ശേഷം കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വിവരം പൊലീസ് കണ്ടെത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഡിസംബര്‍ 15നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
15 സാക്ഷികളെയാണ് കേസിന്‍റെ ഭാഗമായി ഹാജരാക്കിയത്. സംഭവ ദിവസം പ്രതിയെ പെണ്‍കുട്ടിയുടെ വീടിന്‍റെ മുന്‍പില്‍ കണ്ടവരുമുണ്ട്. കൂടാതെ കേസിനാസ്‌പദമായ തെളിവുകളെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സഞ്ജീവ് ബക്കര്‍വ പറഞ്ഞു.
ഐപിസിയിലെ 363,376 എ,ബി, 302, 201 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പോക്‌സോ ആക്‌ട് പ്രകാരവുമാണ് പ്രതിയ്‌ക്കെതിരെ വധശിക്ഷ വിധിച്ചതെന്ന് അഭിഭാഷകന്‍ അറിയിച്ചു.