ന്യൂഡൽഹി : ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് അസം എംപിയും കോൺഗ്രസ് നേതാവുമായ ഗൗരവ് ഗൊഗോയ്. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്‌സഭ പിരിച്ചുവിടേണ്ട സാഹചര്യം നിത്യ സംഭവമായതിന് പിന്നാലെയാണ് 'ഇന്ത്യ' മുന്നണിയുടെ സുപ്രധാനം നീക്കം. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഞങ്ങൾ നിർബന്ധിതരാണ്. മണിപ്പൂരിൽ നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പ്രമേയം കൊണ്ടുവരുന്നതെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഗൗരവ് പറഞ്ഞു.
പാർലമെന്‍റിൽ സംസാരിക്കാതിരിക്കാൻ പ്രധാനമന്ത്രി മൗനവ്രതത്തിലാണ്. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് തങ്ങൾക്ക് ഉന്നയിക്കാനുള്ളതെന്ന് പറഞ്ഞ ഗൗരവ്, എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത് എന്ന ചോദ്യമാണ് ആദ്യമായി ഉന്നയിച്ചത്. മണിപ്പൂർ കലാപം തുടങ്ങി 80 ദിവസം എടുത്താണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. അതും 30 സെക്കന്‍റ് മാത്രമാണ് അദ്ദേഹം സംസാരിച്ചത്.
ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ടാണ് മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി പ്രധാനമന്ത്രി ഇതുവരെ ആവശ്യപ്പെടാത്തതെന്നും ഗൗരവ് ഗൊഗോയ് ചോദിച്ചു. ബിജെപിയുടെ രാഷ്‌ട്രീയ കളികൾ കാരണം രണ്ട് മണിപ്പൂരുകൾ സൃഷ്‌ടിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് അവിടെ നിന്നും പുറത്തുവന്നത്. ഇതിന് പിന്നാലെ ഇന്ത്യ മുന്നണിയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിച്ചതും ഗൗരവ് ചൂണ്ടിക്കാട്ടി.
പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷണം പോയെന്ന സംഭവത്തിൽ ദേശീയ സുരക്ഷ ഉപദേഷ്‌ടാവിനെയും അദ്ദേഹം വെറുതെ വിട്ടില്ല. ദേശീയ സുരക്ഷ വിഷയത്തിൽ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് എവിടെ എന്നായിരുന്നു അസം എംപിയുടെ അടുത്ത ചോദ്യം. ഗുസ്‌തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിലും പ്രധാനമന്ത്രി മൗനം പാലിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രം ഉദ്ദരിച്ച ഗൗരവ്, 1986 ൽ മിസോ കരാർ ഉണ്ടായപ്പോൾ മണിപ്പൂരിൽ കോൺഗ്രസ് ഭരണമായിരുന്നെന്നും അധികാരമല്ല, മറിച്ച് വടക്ക്-കിഴക്കൻ മേഖലയിൽ സമാധാനത്തിനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അസമിൽ കൊക്രജാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സംസ്ഥാനം സന്ദർശിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്‌തു. 2002 ൽ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും സംസ്ഥാനം സന്ദർശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
also read : Delhi Services Bill| ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; 131 പേര്‍ ബില്ലിനെ അനുകൂലിച്ചു
ശേഷം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ലോക്‌സഭയിലും രാജ്യസഭയിലും പ്രസ്‌താവന നടത്തണമെന്നും മണിപ്പൂർ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ ഭരണഘടനയെ രക്ഷിക്കുമെന്നും ഗൗരവ് സഭയിൽ പറഞ്ഞു.