ഹൈദരാബാദ്: ബൈക്കില്‍ പോകുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എസി ടെക്നീഷ്യന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസികളില്‍ ഉപയോഗിക്കുന്ന വാതകം നിറച്ച ഗ്യാസ് സിലിണ്ടറുമായി ഇരുവരും ബൈക്കില്‍ പോകുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. എസി സര്‍വീസിങിനായി ബോവെൻപള്ളി പൊലീസ് സ്റ്റേഷൻ ക്രോസ്റോഡിൽ നിന്ന് ബാലനഗറിലേക്ക് പോകുകയായിരുന്നു അവര്‍. ബോവൻപള്ളി പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു അപകടം.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കരിംനഗറിൽ നിന്നുള്ള സലീം പാഷ (21), രാംനഗറിൽ നിന്നുള്ള മുഹമ്മദ് സമീർ (20) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ സലീം പാഷ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം വാഹനമോടിച്ച മുഹമ്മദ് സമീർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും സ്വകാര്യ എസി കമ്പനിയിൽ ടെക്നീഷ്യന്മാരായിരുന്നു. പരിക്കേറ്റ സമീറിനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.