ഹൈദരാബാദ്: നഗരത്തിലെ ഗാന്ധി ആശുപത്രിയിൽ ബന്ധുവിന്‍റെ സഹായത്തോടെ രണ്ട് സഹോദരിമാർ കൂട്ടബലാൽസംഗത്തിനിരയായതായി പരാതി. സഹോദരിമാരിൽ ഒരാളെ കാണാനില്ലെന്നും പരാതി. സംഭവത്തിൽ ബന്ധുവും ആശുപത്രി അധികൃതനുമായ ഉമാമഹേശ്വർ ഉൾപ്പെടെ ആറംഗസംഘത്തിനെതിരെ പൊലീസ് കേസെടുത്തു.
ഓഗസ്റ്റ് എട്ടിനാണ് ഇരയെ ആശുപത്രിയിൽ നിന്നും കാണാതായത്. പീഡനത്തിന് ഇരയായവരില്‍ ഒരാളുടെ ഭർത്താവ് വൃക്കരോഗം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദമ്പതികളുടെ മകനും എല്ലാ ദിവസവും ആശുപത്രിയിൽ അച്ഛനെ കാണാനായി വന്നിരുന്നു. പീഡനത്തിനിരയായ സഹോദരിമാരുടെ ബന്ധുവായ ഉമാമഹേശ്വർ ആശുപത്രിയിലെ റേഡിയോഗ്രാഫറാണ്.
അങ്ങനെയിരിക്കെയാണ് സംഭവദിവസം സഹോദരിമാർ കാണാതാകുന്നത്. അച്ഛനെ പരിചരിക്കാൻ എത്തിയ അമ്മയേയും മാതൃസഹോദരിയേയും അന്വേഷിച്ച് മകൻ ബന്ധുവായ ഉമാമഹേശ്വറുടെ അടുക്കൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ALSO READ:സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയാള്‍ കാരിയറെന്ന് പൊലീസ്
കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിലുടനീളം തിരച്ചിൽ നടത്തി. ഒടുവിൽ സഹോദരിമാരിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്നും ഉമാമഹേശ്വറും സംഘവും സഹോദരിമാരെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തി. ഇരുവരെയും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ആറംഗ സംഘം പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിതായും അവർ കൂട്ടിച്ചേർത്തു.
ഇരുവരെയും നഗരത്തിലെ വിവിധയിടങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിലാണ് ഉമാമഹേശ്വർ ഉൾപ്പെട്ട സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം ബലാത്സംഗത്തിനിരയായ മറ്റൊരു സ്‌ത്രീക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയതായും അറിയിച്ചു.