മഹേന്ദ്രഗഡ് (ഹരിയാന) : ഹരിയാനയിലെ മഹേന്ദ്രഗഡിൽ ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. മഹേന്ദ്രഗഡിലെ ജഗദോലി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കനാലിൽ ഇന്നലെ(9-9-2022) വൈകുന്നേരം ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
4 കുട്ടികളെ രക്ഷപ്പെടുത്തി. 20 ലധികം ആളുകളാണ് കനാലിൽ നിമഞ്ജനത്തിനായി എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നിമഞ്ജനത്തിനായി എത്തിയവരില്‍ ചിലരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഉത്തർ പ്രദേശിലെ ഉന്നാവോയിലും ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ 3 കുട്ടികൾ മുങ്ങിമരിച്ചു. ഗംഗ നദിയിൽ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം. 2 കുട്ടികൾ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.