കൊല്‍ക്കത്ത/ ജല്‍പായ്‌ഗുരി: പതിറ്റാണ്ടുകളായി സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ ഇടം ലൈബ്രറിയാക്കി കല്‍ചിനിയില്‍ നിന്നുള്ള നിമേഷ് ലാമ എന്ന യുവാവ്. സാമൂഹ്യ വിരുദ്ധരുടെ താവളമായ, വെസ്റ്റ് ബംഗാള്‍ - ജല്‍പായ്‌ഗുരിയിലെ വയലിനോട് ചേര്‍ന്നുള്ള കൂറ്റന്‍ മരവും ചുറ്റുപാടുമാണ് ലൈബ്രറിയാക്കി മാറ്റിയത്. വര്‍ഷങ്ങളായി മദ്യപാന കേന്ദ്രമായും ചൂതാട്ട സ്ഥലമായും കുപ്രസിദ്ധിയാര്‍ജിച്ച ഇടമാണ് നവീകരിച്ചത്.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കടക്കം കാരണമാകുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ട്രീ ലൈബ്രറിക്ക് നിമേഷ് തുടക്കമിട്ടത്. ഇതോടെ മേഖലയിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
പ്രദേശത്തെ നിരവധി കുട്ടികളാണിപ്പോള്‍ ദിവസം തോറും ട്രീ ലൈബ്രറിയിലെത്തുന്നത്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനൊപ്പം സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്താനുള്ള വേദിയാണിപ്പോള്‍ ട്രീ ലൈബ്രറി.
ഗിറ്റാര്‍ വായന, നൃത്തം, സംഗീതം, പെയിന്‍റിങ് തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍ ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. മാത്രമല്ല ആഴ്‌ചകള്‍ തോറും ഇവിടെ പ്രത്യേക വിഷയങ്ങളെ ആസ്‌പദമാക്കി സംവാദങ്ങളും ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. വെറും 20 എണ്ണവുമായി ആരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ 400ലധികം പുസ്‌തകങ്ങളുണ്ട്.
ഒരുകാലത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമായ ഇവിടം ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ ഈ സ്ഥലത്തിന് 'ഇക്കോസ്‌ഫിയർ' എന്നും പേരിട്ടു. അവധി ദിവസമായ ഞായറാഴ്‌ച കുട്ടികള്‍ക്കായി 'സണ്‍ഡേ ആര്‍ട്ട് ഹട്ട്' എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
'സമീപത്തുകൂടി പോകുമ്പോള്‍ എപ്പോഴും നിരവധി സാമൂഹ്യ വിരുദ്ധര്‍ ഇവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവര്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും മുഴുകിയിരുന്നു. അപ്പോഴാണ് ഈ പ്രദേശം എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുകൂടാ എന്ന് ഞാന്‍ ചിന്തിച്ചത്. അങ്ങനെയിരിക്കെയാണ് കൂട്ടുകാരാനായ ദർപൺ ഥാപ്പയോട് ഇക്കാര്യം പങ്കുവച്ചത്.
തുടര്‍ന്ന് ദിവസവും ഗിറ്റാറുമായി ഈ മരച്ചുവട്ടില്‍ ഞാന്‍ എത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എനിക്കൊപ്പം ഥാപ്പയും മറ്റ് കൂട്ടുകാരും വരാന്‍ തുടങ്ങി. മരച്ചുവട്ടില്‍ ദിവസവും ഞങ്ങള്‍ എത്തി തുടങ്ങിയതോടെ സാമൂഹ്യ വിരുദ്ധര്‍ വരാതായെന്നും തുടര്‍ന്നാണ് ലൈബ്രറി ആരംഭിച്ചതെന്നും' ലാമ ഇടിവി ഭാരതിനോട് പറഞ്ഞു.
2021ല്‍ ജോയ്‌ഗറില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ നിമേഷ് ലാമ ഇപ്പോള്‍ ഡബ്ല്യു ബിസിഎസിനായുള്ള (west Bengal civil service) തയ്യാറെടുപ്പിലാണ്. നിമേഷിന്‍റെ അമ്മ രേണുക ലാമ എസിഡിഎസ് ആയി ജോലി ചെയ്യുന്നു.
ദിവസം തോറും കുട്ടികള്‍ക്ക് വ്യായാമ പരിശീലനവും ഇക്കോസ്‌ഫിയറില്‍ നല്‍കുന്നുണ്ട്. കൂടാതെ പെയിന്‍റിങ്, സംഗീതം, നൃത്തം തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് പരീശീലനം നല്‍കുന്നുണ്ടെന്നും സാമൂഹ്യ വിരുദ്ധരുടെ താവളമായ ഈ മേഖല ഇത്തരമൊരു സ്ഥലമാക്കി മാറ്റാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ദർപൺ ഥാപ്പ പറഞ്ഞു.
മരത്തില്‍ കയര്‍ കെട്ടി പുസ്‌തകങ്ങള്‍ അതില്‍ തൂക്കിയിടുകയാണ് ചെയ്‌തിരിക്കുന്നത്. ട്രീ ലൈബ്രറിയുടെയും ഇക്കോസ്‌ഫിയറിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നതെന്നും നിമേഷ് ലാമ പറഞ്ഞു.