ചലച്ചിത്ര പ്രേമികളുടെ ഇഷ്‌ട സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചുവടുവയ്‌പ്പിൽ. സംവിധാനത്തിന് പുറമെ നിർമാണ രംഗത്തേക്കും ചുവടുവയ്‌ക്കുകയാണ് ലോകേഷ്. 'ജി സ്‌ക്വാഡ്' എന്ന പ്രൊഡക്ഷൻ ഹൗസുമായാണ് ലേകേഷ് കനകരാജ് എത്തുന്നത്.
ലോകേഷ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത്. താൻ ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും സംവിധായകനായപ്പോൾ തനിക്ക് തന്ന സ്‌നേഹവും പിന്തുണയും നിർമാതാവാകുമ്പോഴും ഉണ്ടായിരിക്കണമെന്നും ലോകേഷ് പറഞ്ഞു. മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കൂടിയാണ് ഇത്തരം ഒരു സംരംഭമെന്നും ലോകേഷ് പറയുന്നു.
ലോകേഷ് കനകരാജിന്‍റെ വാക്കുകൾ ഇങ്ങനെ: 'എന്‍റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും, അതുവഴി പുതിയ സിനിമകൾ യാഥാർഥ്യമാക്കാനുമുള്ള ആത്മാർഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്‌ക്വാഡിനൊപ്പം നിർമാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാപ്രേമികളുടെ, എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്‍റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്‌ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു'.
ലോകേഷ് കനകരാജിന്‍റെ പുതിയ യാത്രയ്‌ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ജി സ്‌ക്വാഡ് മഹത്തായ വിജയമായി തീരട്ടെയെന്ന് സിനിമാരംഗത്തെ പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും നിർമാതാക്കളും സോഷ്യൽ മീഡിയയിൽ ആശംസിച്ചു. അതേസമയം 'ജി സ്‌ക്വാഡ്' പ്രൊഡക്ഷന്‍റെ ബാനറിൽ നിന്നുള്ള ആദ്യ സിനിമയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരുമെന്നാണ് വിവരം.
'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്‌തിയാർജിച്ച സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളൊരുക്കി, 'സ്റ്റാർ ഡയറക്‌ടർ' പദവി സ്വന്തമാക്കിയ സംവിധായകൻ. വിജയ് നായകനായി എത്തിയ ലിയോ ആണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം.
നിലവിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ലോകേഷ്. 'തലൈവർ 171' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ സിനിമ ആയിരിക്കില്ല തലൈവർ 171 എന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
READ ALSO: 'ലിയോ' മലയാളം ട്രെയിലർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ്; സ്‌ട്രീമിംഗ് നവംബർ 24 മുതൽ
സൂപ്പർ സ്റ്റാറും സ്റ്റാർ ഡയറക്‌ടറും ഒന്നിക്കുമ്പോൾ തിരശീലയിൽ അത്ഭുതങ്ങൾ വിരിയുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. അതേസമയം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിച്ച ലിയോ ആഗോള ബോക്‌സോഫിസിൽ 500 കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ടിരുന്നു. തൃഷ നായികയായ ചിത്രത്തിൽ മലയാളിതാരം മാത്യു തോമസും തമിഴ് ബാലതാരം ഇയാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പി ആർ ഒ - പ്രതീഷ് ശേഖർ.